
ആലുവ: ആലുവയിൽ അന്യസംസ്ഥാനക്കാരനെ തടഞ്ഞുനിറുത്തി കവർച്ച ചെയ്ത കേസിൽ ഒരാൾ പിടിയിൽ. കാസർകോട് സ്വദേശി കെ. മുഹമ്മദ് അൻസാറിനെയാണ് (40) ഇന്നലെ വൈകിട്ട് ആറ് മണിയോടെ ടാസ് റോഡ് പരിസരത്ത് നിന്ന് ആലുവ പൊലീസ് പിടികൂടിയത്.
അങ്കമാലിയിൽ എംബ്രോയിഡറി ജോലിചെയ്യുന്ന പശ്ചിമബംഗാൾ സ്വദേശി മൊയ്ദുലിനെ (32) ഞായറാഴ്ച സന്ധ്യയോടെയാണ് മൂന്നംഗ സംഘം കവർച്ച ചെയ്തത്. ആലുവയിലെ മറ്റൊരു എംബ്രോയിഡറി സ്ഥാപനത്തിൽ വന്ന് മടങ്ങവെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് വരുമ്പോഴാണ് പ്രതികൾ മൊയ്ദുലിനെ ആക്രമിച്ചശേഷം പഴ്സിലെ എ.ടി.എം കാർഡ് കൈക്കലാക്കിയത്. തുടർന്ന് ഭീഷണിപ്പെടുത്തി പിൻനമ്പർ വാങ്ങി പമ്പ് കവലയിലുള്ള ഫെഡറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്ന് 13,000 രൂപ പിൻവലിച്ചു. പോക്കറ്റിലുണ്ടായിരുന്ന 800 രൂപയും പിടിച്ചുവാങ്ങി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |