
കൊച്ചി: മലയാള സിനിമയിലെ ലേഡി സ്റ്റണ്ട് മാസ്റ്റർ ധന്യകാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ഗുണ്ടയെ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി അടിപിടി, രാസലഹരി കേസുകളിലെ പ്രതി എളമക്കര പൊലീസ് സ്റ്റേഷന് സമീപം താന്നിക്കൽ കെ.പി നഗർ നെല്ലിക്കാപ്പള്ളി വീട്ടിൽ വടിവാൾ യൂസഫ് (33) ആണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 15ന് രാത്രി കലൂർ ജെ.എൻ.എൽ സ്റ്റേഡിയത്തിന് സമീപത്തെ ബാർ പരിസരത്തായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിൽ യൂസഫിന്റെ നേതൃത്വത്തിലെത്തിയ നാലംഗ സംഘം ധന്യയെ മുഖത്തും കണ്ണിലും ഇടിച്ചു പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നു. യൂസഫും ധന്യകാളിയും തമ്മിലുണ്ടായ വാക്കേറ്റത്തിന് ഒടുവിലായിരുന്നു ആക്രമണം. മുഖത്ത് നിന്ന് ചോരയൊലിപ്പിക്കുന്ന നിലയിൽ സംഭവസ്ഥലത്ത് നിന്നുള്ള ധന്യകാളിയുടെ ലൈവ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. യൂസഫും സംഘവും പോർവിളി നടത്തി ബൈക്കിൽ മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം 25 സംഘം തന്നെ ആക്രമിച്ചെന്നാണ് ധന്യയുടെ മൊഴി. അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമിച്ചതെന്നും മൊഴിയിലുണ്ട്. രണ്ട് കൊല്ലം മുമ്പ് യൂസഫിനെതിരെ ധന്യ പൊലീസിൽ പരാതിപ്പെട്ടതുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുണ്ട്. എളമക്കര പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽപ്പെട്ട യൂസഫിന് എം.ഡി.എം.എ വിതരണത്തിന് പുറമെ കൊച്ചിയിലെ പെൺവാണിഭ സംഘങ്ങളുമായും ബന്ധമുണ്ടെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികൾക്കായി തെരച്ചിൽ തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |