SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.04 AM IST

വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി പെരുമ്പാവൂരിൽ പിടിയിൽ

shamla

പെരുമ്പാവൂർ: മാട്രിമോണിയൽ സൈറ്റുകളും സമൂഹമാദ്ധ്യമങ്ങളുംവഴി പരിചയപ്പെടുന്ന യുവാക്കളെ വിവാഹംകഴിക്കാമെന്നും ബിസിനസ് പാർട്ണറാക്കാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീറാണ് (29) പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽനിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പെരുമ്പാവൂർ പൊലീസാണ് അറസ്റ്റുചെയ്തത്.

2024 സെപ്തംബർ മൂന്നുമുതൽ നവംബർ 20 വരെയുള്ള കാലയളവിൽ ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമാണ് ഇവർ പണം കൈക്കലാക്കിയത്. പണംവാങ്ങിയിട്ടും യുവാവിനെ ബിസിനസ് പാർട്ണറാക്കുകയോ തുക തിരികെനൽകുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് നൽകിയ പരാതിയിലാണ് ഒടക്കാലിയിലെ വീട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ തുടങ്ങിയ പ്രദേശങ്ങളിലെ യുവാക്കളിൽനിന്ന് ഇവർ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി വിവരമുണ്ട്.

പൊലീസ് പറയുന്നത്: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരിൽനിന്ന് ആദ്യം ചെറിയതുകകൾ വാങ്ങുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് വലിയ തുകകൾ വാങ്ങുകയുമാണ് ഇവരുടെ രീതി. എറണാകുളത്തെ പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽനിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽനിന്ന് 11 ലക്ഷം രൂപയും കബളിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. വിവാഹിതയായ ഇവർ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പെരുമ്പാവൂർ എഎസ്.പി ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, എ.എസ്.ഐ എം.ബി. സുബൈർ, സീനിയർ സി.പി.ഒമാരായ രജിത് രാജൻ, എം.ബി. ജയന്തി, മുഹമ്മദ് ഷാൻ, സി.പി.ഒമാരായ എ.കെ. നജ്മി, സിബിൻ എന്നിവരുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY