
ചെറുതോണി: ഈട്ടിത്തോപ്പിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി പൊലീസ് പിടികൂടി. വീട്ടുടമ ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസ് (23), ചെമ്പകപ്പാറ ചെരുവ് കാലായിൽ ആൽബിൻ (20), നാങ്കുതൊട്ടി മണിമലക്കുന്നേൽ ജിൻസ് മോൻ മാത്യു (24),
മേലെചിന്നാർ കമ്മട്ടിക്കൽ വിമൽ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷിൽറ്റു ഷാജി (23 ), തോവാള ആശ്രമംപടി പുൽപ്പാറക്കൽ ശരത് സാബു (23),തേക്കിൻകാനം കാരിയേലിൽ നോബിൾ എൽദോസ് (22) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്തു നിന്ന് വില്പനയ്ക്കായി വാങ്ങിയ കഞ്ചാവാണിതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചുവന്ന പൊലീസ് ഇന്നലെ പുലർച്ചെ 12.45ന് വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ ബിജു ബേബിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികൾ കുടുങ്ങിയത്. കഞ്ചാവ് എത്തിച്ചശേഷം ഏഴംഗസംഘം പ്രതികളിലൊരാളായ തോമസിന്റെ വീട്ടിൽ ഒത്തുചേരുകയായിരുന്നു. ഇവർ നിരന്തരം കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തി വന്നിരുന്നതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. സബ്ഇൻസ്‌പെക്ടർമാരായ സി.വി. സതീഷ്, പി.ഡി.സേവ്യർ, സിവിൽ പൊലീസ് ഓഫീസർമാരായ ജോമോൻ കുര്യൻ, മാത്യു തോമസ്, അബിൻ കെ. സോമൻ, ഷാനവാസ് ഖാൻ, ജിതിൻ സണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |