
വാടാനപ്പള്ളി: വീട്ടിൽ പട്ടാപ്പകൽ മോഷണം. സി.സി.ടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പ്രതികളെ കണ്ടെത്താനായില്ല. ഒടുവിൽ വീട്ടുടമ തന്നെ 'അന്വേഷണത്തിനിറങ്ങി'. ഒരാഴ്ച നീണ്ട തെരച്ചിലിനൊടുവിൽ മോഷ്ടാക്കളെയും സാധനങ്ങൾ കടത്താൻ ഉപയോഗിച്ച വാഹനത്തെയും കണ്ടെത്തി പൊലീസിന് കൈമാറി. തൃത്തല്ലൂർ കിഴക്ക് ഏംഗൽസ് നഗർ സ്വദേശിയും പൊതുപ്രവർത്തകനുമായ ഗിരീഷ് മാത്തുക്കാട്ടിലിന്റെ വീട്ടിലാണ് ഏതാനും ദിവസം മുമ്പ് മോഷണം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് എത്തിയ നാടോടി സ്ത്രീകൾ വിലപിടിപ്പുള്ള ചെമ്പുപാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും കവർന്നെന്നാണ് പരാതി. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു.
ദൃശ്യങ്ങൾ സഹിതം വാടാനപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായില്ല. ഇതോടെ ഗിരീഷിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാക്കളെ കണ്ടെത്താൻ സമാന്തര അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയോളം നീണ്ട തെരച്ചിലിനൊടുവിൽ മോഷ്ടാക്കളെയും മോഷണസാധനങ്ങൾ കടത്താൻ ഉപയോഗിച്ച വാഹനത്തെയും സംഘം കണ്ടെത്തി. വാടാനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത പ്രതാപനും അന്വേഷണത്തിന് പിന്തുണ നൽകി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പ്രതികളായ നാടോടി സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച സാധനങ്ങളും കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |