
# തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ താവളമടിച്ച് മോഷണം
പത്തനംതിട്ട : വിവിധ ജില്ലകളിൽ മോഷണം നടത്തി വന്ന അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം അടൂരിലും കൊടുമണ്ണിലും മോഷണം നടത്തിയതും ഇതേ സംഘമാണ്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ചു പേരാണ് പിടിയിലായത്. സംഘത്തിലെ തിരുവല്ല കവിയൂർ കൊട്ടൂർ തൈക്കാട് വീട്ടിൽ വിശാൽ റാവത്തിന്റെ (22) അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി.
അടൂർ ഡിവൈ.എസ് പി കെ.പി. വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നാർ ചിന്നക്കനാൽ സൂര്യനെല്ലിയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. അടൂരിലെ ക്ഷേത്രങ്ങൾ, പള്ളികൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജസ് കോർപറേഷൻ ഔട്ട്ലെെറ്റ് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മോഷണവും മോഷണശ്രമവും നടത്തിയവരാണിവർ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംഘം മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
അടൂർ പന്നിവിഴ, പറപ്പെട്ടി, പറക്കോട്, കൊടുമൺ, വാഴമുട്ടം തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തി. പറക്കോട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ വഞ്ചി, എം.ജി.എം സ്കൂളിന് സമീപത്തെ കുരിശടി, പന്നിവിഴ പീടികയിലെ ദേവിക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ, പറക്കോട് അവറുവേലിൽ ഭദ്രകാളി ദേവീക്ഷേത്രത്തിന്റെ കിഴക്കേ റോഡരികിലെ വഞ്ചി, കൊടുമൺ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണം നടത്തിയത്.
പന്നിവിഴ പീടികയിലെ ദേവീക്ഷേത്രത്തിൽ നാലമ്പലത്തിന് പുറത്തുണ്ടായിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന സംഘം ആൽത്തറയിലെ കാണിക്കവഞ്ചി എടുത്തുകൊണ്ടുപോയി. തുടർന്ന് പറക്കോട് – കൊടുമൺ റോഡിലൂടെ സഞ്ചരിച്ച് കൊടുമൺ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിലെത്തി മദ്യം മോഷ്ടിച്ചു.
ചന്ദനപ്പള്ളി മലങ്കര കത്തോലിക്കാ തീർത്ഥാടന ദേവാലയത്തിന്റെ മൂന്ന് കുരിശടികളിലെ പണവും അപഹരിച്ചിരുന്നു.
തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്തുനിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് സംഘം അടൂരിലെത്തിയത്. നേരത്തെ മോഷ്ടിച്ച രണ്ട് ബൈക്കുകളും സംഘം ഉപയോഗിച്ചിരുന്നു. കഴിഞ്ഞ 12ന് രാത്രി മോഷ്ടിച്ച ബൈക്കുകളിലായി നാലുപേർ തിരുവനന്തപുരത്തെത്തി അവിടെ ബൈക്കുകൾ ഉപേക്ഷിച്ച ശേഷം വെഞ്ഞാറമൂട്ടിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് അടൂരിലേക്ക് വരികയായിരുന്നു. വഴിമദ്ധ്യേ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും വഞ്ചികളിലും മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി. അടൂർ എസ്എച്ച്ഒ ജെ.യു. ജിനുവിന്റെ നേതൃത്വത്തിൽ സിപിഒമാരായ അഭിലാഷ്, നിധിൻ, വിജയ്, അമീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |