
തിരുവനന്തപുരം: നഗരസഭയിൽ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിൽ വായ്പാ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടത്തി 1.26 കോടി രൂപ തട്ടിയ കേസിൽ എട്ടാം പ്രതി പിടിയിൽ. തിരുവല്ലം സ്വദേശി എൽ.ബിന്ദുവിനെയാണ് ( 47) വിജിലൻസ് ഇന്നലെ അറസ്റ്റുചെയ്തത്.
2020-21 സാമ്പത്തിക വർഷം നടപ്പിലാക്കിയ പദ്ധതിയുടെ വായ്പകൾക്കുള്ള സബ്സിഡി അനുവദിച്ചതിലാണ് തട്ടിപ്പ്. വിജിലൻസ് നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച തുക വിതരണം ചെയ്‌തതായി വ്യാജരേഖകൾ ഉണ്ടാക്കിയ ശേഷം യഥാർത്ഥ ഗുണഭോക്താക്കൾക്ക് നൽകാതെ സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
ബിന്ദു മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ അക്കൗണ്ടിലെത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
ഈ കേസിൽ കോർപ്പറേഷനിലെ മുൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ പ്രവീൺ രാജ്,മുൻ എസ്.സി പ്രൊമോട്ടർമാരായ സിന്ധു.എസ്,അജിത,പട്ടം സർവീസ് സഹകരണ ബാങ്ക് മുൻ മാനേജർ സോണി,ആധാരമെഴുത്തുകാരനായ സുരേഷ് ബാബു എന്നിവരെ വിജിലൻസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. ബിന്ദുവിനെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |