
തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ സത്രത്തിൽ ഭജനയ്ക്കായി താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനിയുടെ മരണം മർദ്ദനമേറ്റാണെന്ന് പൊലീസ് കണ്ടെത്തി. കണ്ണൂർ കാഞ്ഞിരോട് കൂടാളി തളമുണ്ട കുറുവ വീട്ടിൽ സബിത (45) ആണ് മരിച്ചത്. സബിതയുടെ ഇരട്ടസഹോദരി സജിതയെ കൊലപാതക്കേസിൽ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. സഹായം നൽകിയതിന് പിടിയിലായ സഹോദരൻ സുധീറിനെ കരുതൽ തടങ്കലിലാക്കി.
ഒന്നര വർഷമായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്ന സബിതയും സജിതയും മറ്റ് നാല് സഹോദരങ്ങൾക്കുമൊപ്പം ഒക്ടോബർ 29നാണ് ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തിയത്. മൂന്നുദിവസത്തെ ഭജനയ്ക്കുശേഷം നവംബർ രണ്ടിന് ഇവർ നാട്ടിലേക്ക് പോകാനിറങ്ങി. എന്നാൽ റെയിൽവേ സ്റ്റേഷനിൽവച്ച് സബിത അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീണ്ടും ചോറ്റാനിക്കരയിലെത്തി. ക്ഷേത്രത്തിലെ മേൽശാന്തിയുമായി സംസാരിച്ച കുടുംബത്തോട് പത്തുദിവസം ഭജനയിരിക്കാനാണ് നിർദ്ദേശിച്ചത്. ഇതനുസരിച്ച് സത്രത്തിൽ വീണ്ടും മുറിയെടുത്ത് ഭജന തുടരുകയായിരുന്നു.
ബുധനാഴ്ച രാവിലെ സബിത ബോധരഹിതയായി കിടക്കുകയാണെന്ന് സുധീറാണ് പൊലീസിനെ അറിയിച്ചത്. ക്ഷേത്രദർശനം കഴിഞ്ഞ് എത്തിയപ്പോൾ 7.30ഓടെ സഹോദരിയാണ് സബിതയെ നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയതെന്നും പറഞ്ഞു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 9.45ഓടെ സബിത മരിച്ചു.
രാത്രി സത്രത്തിലെ മുറിയിൽ സബിതയ്‌ക്ക് സജിതയുടെ മർദ്ദനമേറ്റതായാണ് പൊലീസിന്റെ കണ്ടെത്തൽ. കട്ടിലിൽനിന്ന് വീണ് ബോധരഹിതയായി എന്ന കഥ പ്രതികൾ ചേർന്ന് തയ്യാറാക്കുകയായിരുന്നു. സബിതയുടെ ശരീരത്തിൽ കടിയേറ്റ പാടുകളും അസ്വാഭാവിക മുറിവുകളും കണ്ടെത്തിയതാണ് പൊലീസിൽ സംശയമുണർത്തിയത്. മർദ്ദനമേറ്റതിനെത്തുടർന്നാണ് മരണമെന്ന് പിന്നാലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |