
ആലുവ: ശർക്കര നിറച്ച ചാക്കുകളിലാക്കി ട്രെയിനിൽ ഒളിച്ചുകടത്തിയ 37.700 കിലോ കഞ്ചാവ് ആർ.പി.എഫ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദിബ്രുഗഡ്-കന്യാകുമാരി എക്സ്‌പ്രസ് ട്രെയിനിൽ നിന്നാണ് 19 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചത്.
ജനറൽ കോച്ചിൽ ഉടമയില്ലാത്ത നിലയിൽ കാണപ്പെട്ട പ്ലാസ്റ്റിക്ക് ചാക്കുകൾ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്‌ടർ എ.ജെ. ജിപിന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടത്. നാല് ചാക്കുകളിൽ ശർക്കരയെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് നിറച്ചിരുന്നത്. പ്രതികളെ കിട്ടിയില്ല. എ.എസ്.ഐമാരായ സിജോ, സേവ്യർ, വിജയകുമാർ, എച്ച്.സി വിപിൻ, കോൺസ്റ്റബിൾ നിഖിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
തുടർനടപടികൾക്ക് ആലുവ എക്സൈസിന് കൈമാറി.
ദീപാവലിയോട് അനുബന്ധിച്ച് ട്രെയിനുകളിലും സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കിയെന്ന് ആർ.പി.എഫ് തിരുവനന്തപുരം സീനിയർ ഡിവിഷണൽ കമ്മിഷണർ മുഹമ്മദ് ഹനീഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |