SignIn
Kerala Kaumudi Online
Saturday, 20 June 2026 6.23 PM IST

മൃഗശാലയിലെ മുതലക്കുളത്തിൽ   മൂന്ന് വയസുകാരനെ  തള്ളിയിട്ട് കൊലപ്പെടുത്താൻ  ശ്രമം; കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

crocodile

കേംബ്രിഡ്ജ്ഷെയർ (യുകെ): മൂന്ന് വയസുകാരനെ മുതലക്കുളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷെയറിലുള്ള മൃഗശാലയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കുളത്തിലേക്ക് വീണ മൂന്ന് വയസുകാരനെ ചീങ്കണ്ണികൾ ആക്രമിച്ചെങ്കിലും ജീവനക്കാരിയുടെ സമയോചിത ഇടപെടലിനെ തുടർന്ന് കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. നിലവിൽ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.


മാനസിക വെല്ലുവിളി നേരിടുന്ന ആളുകളെ മൃഗശാല സന്ദർശനത്തിന് എത്തിച്ചതായിരുന്നു. ഇവർക്കൊപ്പം രണ്ട് കെയർടേക്കർമാർ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ അശ്രദ്ധയാണ് സംഭവം ഉണ്ടാകാൻ കാരണമെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. നടപ്പാതയിലൂടെ പോവുകയായിരുന്ന കുട്ടിയെ പ്രതി പെട്ടെന്ന് സുരക്ഷാ വേലിക്ക് മുകളിലൂടെ 15 അടി താഴ്ചയിലുള്ള മുതല കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. സിമന്റ് തറയിൽ വീണ കുട്ടി ഉരുണ്ട് വെള്ളത്തിലേക്ക് വീഴുകയും അവിടെയുണ്ടായിരുന്ന ചീങ്കണ്ണികളിൽ ഒന്ന് കുട്ടിയെ ആക്രമിക്കുകയും ചെയ്തു.

crocodile

നിലവിളി കേട്ട് ഓടിയെത്തിയ മൃഗശാല ഉടമയായ 55കാരി ട്രേസി ജോൺസനാണ് ഒട്ടും സമയം കളയാതെ മുതലക്കുളത്തിലേക്ക് ചാടിയിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയത്. ഒൻപത് മുതൽ പതിനൊന്ന് അടി വരെ നീളമുള്ള പതിനഞ്ചോളം ചീങ്കണ്ണികളും മുതലകളും ഉള്ള കുളത്തിലേക്കാണ് ഇവർ സ്വന്തം ജീവൻ പണയപ്പെടുത്തി ഇറങ്ങിയത്. കുളത്തിലേക്ക് ഇറങ്ങിയ ഉടൻ തന്നെ ചീങ്കണ്ണിയുടെ പിടിയിൽ നിന്നും കുട്ടിയെ അതിസാഹസികമായി വാരിയെടുത്ത് സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയർ ആംബുലൻസ് മാർഗമാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ കൈയും ഇടുപ്പെല്ലും ഒടിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേംബ്രിഡ്ജ്ഷെയർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME, CROCODILE ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY