SignIn
Kerala Kaumudi Online
Thursday, 10 September 2026 4.05 PM IST

ഗുണ്ടകൾ വാഴും കേരളം: സ്കൂട്ടറിന് സൈഡ് കൊടുക്കാത്ത സൂപ്പർ ഫാസ്റ്റ് ഡ്രൈവർക്കും കണ്ടക്ടർക്കും ക്വട്ടേഷൻ സംഘത്തിന്റെ മർദ്ദനം, യാത്രക്കാരന്റെ തല പൊട്ടിച്ചു

bus

കായംകുളം : സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് രണ്ടംഗ ക്വട്ടേഷൻ സംഘം കെ.എസ്.ആർ.സി സൂപ്പർ ഫാസ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും യാത്രക്കാരനെയും ക്രൂരമായി മർദ്ദിച്ചു.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ബിനു (45), കണ്ടക്ടർ ഷാജഹാൻ (44), യാത്രക്കാരനായ കൊല്ലം ബിജു ഭവനിൽ ബിജു (42) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ കായംകുളം ഗവ.ആശുപത്ര്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം കെ.പി.എ.സി ജംഗ്ഷന് തെക്ക് കുന്നത്താലുംമൂട് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കായംകുളം ബസ് സ്റ്റാൻഡിൽ നിന്ന് മുന്നോട്ട് വന്നപ്പോൾ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ അമിത വേഗതയിൽ പിന്തുടർന്നു. കുന്നത്താലുംമൂട് ജംഗ്ഷനിൽ എത്തിയപ്പോൾ സ്കൂട്ടർ ബസിനു കുറുകെ നിറുത്തിയശേഷം ഡ്രൈവറെയും കണ്ടക്ടറേയും മർദ്ദിച്ചു. ഇത് കണ്ട് പൊലീസിനെ വിളിയ്ക്കണമെന്ന് പറഞ്ഞതിനാണ് യാത്രക്കാരനായ ബിജുവിനെയും മർദ്ദിച്ചത്. 'നീ പൊലീസിനെ വിളിയ്ക്കുമോ" എന്ന് ചോദിച്ച് പതിനഞ്ച് മിനിട്ടോളം വളഞ്ഞിട്ട് തലയ്ക്കടിച്ചു. മറ്റ് യാത്രക്കാർ പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും മർദ്ദനം തുടർന്നു. പൊലീസ് എത്തുന്നതിന് മുമ്പ് അക്രമിസഘം സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. ഇവരിൽ ഒരാൾ ആംബുലൻസ് ഡ്രൈവറാണ്.

ബിസിനസുകാരനായ ബിജു മുംബയിൽ നിന്ന് വിമാനത്തിൽ നെടുമ്പാശേരിയിൽ വന്ന ശേഷം ബസിൽ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. ബിജുവിന്റെ തലയ്ക്കാണ് ഗുരതരമായി പരിക്കേറ്റത്. വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ചാണ് തലയ്ക്ക് ക്രൂരമായി മർദ്ദിച്ചത്. മുക്കട മുതൽ കൊറ്റംകുളങ്ങര വരെ ദേശീയപാതയിൽ ബൈക്ക് റേസിംഗ് നടത്തി യാത്രക്കാരെ ആക്രമിയ്ക്കുന്ന സംഘത്തിൽപ്പെട്ടവരാണ് സ്കൂട്ടറിൽ വന്നവരെന്ന് നാട്ടുകാർ പറഞ്ഞു. കായംകുളം പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിന്റെ ദ്യശ്യങ്ങൾ യാത്രക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, NOT GIVING SIDE, SUPERFAST DRIVER AND CONDUCTOR, HARASSMENT, KAYAMKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY