
പാലാ : 400 ഗ്രാം കഞ്ചാവുമായി മൂന്നുപേരെ പാലാ പൊലീസും, ഡാൻസാഫ് സംഘവും സാഹസികമായി പിടികൂടി.
കാറിടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ എം.എസ്. അഭിലാഷിന് (38) കാലിന് പരിക്കേറ്റു. ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ് (31), തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ (29), എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ (27) എന്നിവരാണ് പിടിയിലായത്. പാലാ കൊട്ടാരമറ്റം ആർ.വി ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 1 ഓടെയായിരുന്നു സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലാ പൊലീസും, ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് വാഹനപരിശോധന നടത്തിയത്. ഇതിനിടെ എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയ്ക്ക് പോയ വെളുത്ത കാർ തടഞ്ഞെങ്കിലും പൊലീസുകാരെ ഇടിപ്പിച്ച് മുന്നോട്ടെടുക്കുകയായിരുന്നു. നിലത്തുവീണ അഭിലാഷിന്റെ കാലിലൂടെ കാർ ഓടിച്ചിറക്കി. ഇദ്ദേഹത്തെ അരുണാപുരം മരിയൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. പിന്നീട് മറ്റ് പൊലീസുകാരും, നാട്ടുകാരും ചേർന്ന് കാർ തടഞ്ഞുനിറുത്തി. പാലാ സി.ഐ എം.ഡി. അഭിലാഷ് സ്ഥലത്തെത്തി കാർ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയിലേക്ക് വില്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മൂന്ന് പേരും മുൻപും ലഹരിക്കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. മുഹമ്മദ് സഹലിനെയും അജ്മലിനെയും മറ്റൊരു കേസിൽ സംശയിച്ച് നാലു മാസം മുമ്പ് പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും ഓടി രക്ഷപ്പെട്ടിരുന്നു. ഇവർക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |