SignIn
Kerala Kaumudi Online
Saturday, 12 September 2026 11.48 PM IST

മദ്യപിച്ച് ലക്കുകെട്ട്  ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ച് ട്രാഫിക് എസ് ഐ അനിൽകുമാറിൻെറ കാറോട്ടം, ഈ ഫോട്ടോയെടുത്ത നാട്ടുകാരെ തടഞ്ഞ് രക്ഷയ്ക്ക് ഓടിയെത്തി പൊലീസും 

anilkumar

തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട ട്രാഫിക് എസ്.ഐ അമിതവേഗത്തിൽ ഓടിച്ച കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. കാറുമായി കടക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.45 ഓടെ പട്ടം പൊട്ടക്കുഴിയിലാണ് സംഭവം. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കെ. അനിൽകുമാറാണ് മദ്യലഹരിയിൽ കാറോടിച്ച് അപകടം ഉണ്ടാക്കിയത്.


അനിൽകുമാർ ഓടിച്ചിരുന്ന കാർ പൊട്ടക്കുഴിഭാഗത്ത് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്ക് ഇടിച്ചിട്ടശേഷം അടുത്ത ബൈക്കിനെ ഏറെ ദൂരം ഇടിച്ചു നിരക്കിക്കൊണ്ടപോകുകയായിരുന്നു. ഇടിയിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു.ബൈക്കുകൾക്കും കാര്യമായ കേടുപാടുണ്ടായി. ഒരു ബൈക്കിന്റെ ടാങ്ക് പൊട്ടി റോഡിൽ ഇന്ധനം ഒഴുകി. ഇതിനശേഷം രക്ഷപെടാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ തടഞ്ഞുവച്ചു. ഈ സമയം ഇതുവഴി പോയ ഡെപ്യൂട്ടി മേയർ പി.കെ. രാജു അടക്കമുള്ളവരും സംഭവം കണ്ട് അവിടെയിറങ്ങി.

കാറിന്റെ പിൻസീറ്റിൽ അഴിച്ചുവച്ച പൊലീസ് യൂണിഫോം കണ്ടതോടെ തടിച്ചുകൂടിയ ജനങ്ങൾ രോഷാകുലരായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പൊലീസ് ബൈക്ക് ഉടമകളെ അനുനയിപ്പിച്ച് പ്രശ്നം ഒതുക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ ചിലർ മൊബൈൽ ഫോണിൽ സംഭവത്തിന്റെയും എസ്.ഐയുടെയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു. തുടർന്ന് എസ്.ഐയുടെ ചിത്രം പകർത്തിയതിനെ ചൊല്ലി പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രതിഷേധം കനത്തതോടെ പൊലീസ് എസ്.ഐയെ കസ്റ്റഡിയിലെടുക്കുകയും കാർ ക്രെയിൻ ഉപയോഗിച്ച് ഇവിടെ നിന്ന് നീക്കുകയുമായിരുന്നു, അപകടത്തെ തുടർന്ന് ഈ ഭാഗത്തെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വൈദ്യ പരിശോധനയിൽ എസ്.ഐ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതായും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെന്നും മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. അനിൽകുമാറിനെതിരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, TRAFFIC, POLICE, DRUNKEN, SI, PATTOM, DRUNKEN DRIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY