
കുളത്തൂർ: മദ്യലഹരിയിൽ അതിക്രമം കാട്ടിയ ഗുണ്ടാസംഘത്തിലെ രണ്ടുപേരെ തുമ്പ പൊലീസ് അറസ്റ്റുചെയ്‌തു. ശനിയാഴ്ച രാത്രിയാണ് വിവിധ കേസുകളിൽ പ്രതികളായ കുളത്തൂർ ആറ്റിപ്ര സ്വദേശി ശ്യാം (34),കുളത്തൂർ ആറ്റിപ്ര സ്വദേശി ശരത് (32) എന്നിവർ അതിക്രമം നടത്തിയത്. പ്രതികൾ ലോക്കപ്പിനുള്ളിലും അക്രമം തുടർന്നു.
ആദ്യം തൃപ്പാദപുരത്തെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും കെയർ ടേക്കറെയുമാണ് രണ്ടുപേരും ചേർന്ന് അകാരണമായി മർദ്ദിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തിയതോടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾ സമീപത്തെ ബാറിലെത്തി പ്രശ്‌നമുണ്ടാക്കി. ബാറിലുണ്ടായിരുന്നവർക്ക് നേരെയും ആക്രമണം നടത്തി. തുടർന്ന് സ്ഥലത്തെത്തിയ തുമ്പ പൊലീസ് ഇരുവരെയും പിടികൂടി ജീപ്പിൽ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
എന്നാൽ സ്റ്റേഷനിലെത്തിയ ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐക്കും പൊലീസുകാർക്കും നേരെ ഇവർ കൊലവിളി നടത്തി. ലോക്കപ്പിലെ പൈപ്പുകളും ടാപ്പും അടിച്ചുതകർക്കുകയും ഗ്ലാസും കസേര ഉൾപ്പെടെയുള്ള ഫർണിച്ചറുകളും തറയിൽ അടിച്ചു നശിപ്പിക്കുകയും ചെയ്തു. പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |