വിവരം മറച്ചുവച്ച മുത്തച്ഛന് തടവുശിക്ഷ
തൊടുപുഴ: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റകൃത്യം മറച്ചുവെച്ച് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്ന കൊല്ലപ്പെട്ടയാളുടെ പിതാവിനും കോടതി ശിക്ഷ വിധിച്ചു. ഇടുക്കി ജില്ലാ മൂന്നാം അഡീഷണൽ കോടതി ജഡ്ജി എസ്.എസ്. സീനയാണ് വിധി പ്രസ്താവിച്ചത്. ഉടുമ്പൻചോല കൂട്ടലാർ ചൂരക്കാട്ടിൽ വീട്ടിൽ ബിബിനാണ് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും ലഭിച്ചത്. വിവരം മറച്ചുവച്ച ബിജുവിന്റെ പിതാവും ഒന്നാം പ്രതിയുടെ മുത്തച്ഛനുമായ ഗോപാലന് (80) ആറ് മാസം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 2019 ജൂലായ് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുന്നതിലുള്ള വിരോധം മൂലം, കട്ടിലിൽ കിടക്കുകയായിരുന്ന ബിജുവിനെ ഒന്നാം പ്രതിയായ ബിബിൻ മരക്കഷണം ഉപയോഗിച്ച് നെറ്റിയിലും മറ്റ് ശരീരഭാഗങ്ങളിലും അടിക്കുകയായിരുന്നെന്നാണ് കേസ്. ആക്രമണത്തിൽ ബിജുവിന്റെ തലയോട്ടിക്ക് പൊട്ടലേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മധുരയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ജൂലായ് 22ന് മരിക്കുകയായിരുന്നു. മുത്തച്ഛനായ ഗോപാലൻ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു. കൂടാതെ അന്വേഷണത്തിന് കാലതാമസമുണ്ടാക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു. ഉടുമ്പൻചോല എസ്.എച്ച്.ഒയായിരുന്ന എസ്. ഷൈൻകുമാറാണ് പ്രതികൾക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |