SignIn
Kerala Kaumudi Online
Monday, 02 November 2026 1.15 AM IST

'ആ സീൻ കണ്ട് യഷിന്റെ മകൻ കരഞ്ഞു', 'രാമായണ'യുടെ വേൾഡ് പ്രീമിയർ ഷോയിലെ അനുഭവം പങ്കുവച്ച് സായ് പല്ലവി

sai-pallavi-yash
സായ് പല്ലവി,​ യഷ്

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രം 'രാമായണ'ത്തിന്റെ റിലീസ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നവംബർ 5ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഒക്ടോബർ 27ന് ലോസ് ആഞ്ചലസിൽ നടന്ന വേൾഡ് പ്രീമിയറിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ ചിത്രത്തിന്റെ കളക്ഷനിൽ 27 ശതമാനം വർദ്ധനയുണ്ടായതായാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, രാമായണത്തിലെ ഒരു രംഗം കണ്ട് യഷിന്റെ മകൻ കരഞ്ഞുവെന്ന നടി സായ് പല്ലവിയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. രാവണൻ ജടായുവിനെ വധിക്കുന്ന രംഗം കണ്ടാണ് യഷിന്റെ മകൻ കരഞ്ഞതെന്ന് താരം പറയുന്നു.

വേൾഡ് പ്രീമിയർ പ്രദർശനത്തിനിടെയായിരുന്നു രസകരവും അതേസമയം ഹൃദയസ്പർശിയുമായ സംഭവം. യഷിന്റെ മകൻ യഥർവും മകൾ അയ്രയും ഒക്ടോബർ 27-ന് ലോസ് ആഞ്ചലസിലെ അക്കാദമി മ്യൂസിയത്തിൽ നടന്ന പ്രദർശനം കാണാനെത്തിയിരുന്നു. ചിത്രത്തിൽ രാവണൻ ജടായുവിനെ വധിക്കുന്ന രംഗം കണ്ടപ്പോഴാണ് യഥർവ് കരഞ്ഞത്. അച്ഛൻ പക്ഷിയെ കൊല്ലുന്നത് തനിക്ക് ഇഷ്ടമായില്ലെന്ന് അവൻ യഷിനോട് തുറന്നുപറഞ്ഞതായി സായ് പല്ലവി വെളിപ്പെടുത്തി. സിനിമയിൽ അഭിനയിക്കുകയാണെന്ന് മകന് അറിയാമായിരുന്നിട്ടും പക്ഷിയെ കൊല്ലുന്നത് ശരിയല്ലെന്നായിരുന്നു അവന്റെ അഭിപ്രായം. സിനിമയിലായാൽ പോലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് യഥർവ് പറഞ്ഞതായും സായ് പല്ലവി ഓർത്തെടുത്തു. കുട്ടിയുടെ നിഷ്‌കളങ്കമായ പ്രതികരണം ഏറെ മനോഹരമായ അനുഭവമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

രണ്ട് ഭാഗങ്ങളിലായാണ് 'രാമായണം' ഒരുങ്ങുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. രവീ ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു. രണ്ടാം ഭാഗം 2027ലെ ദീപാവലി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary

Nitesh Tiwari's big-budget 'Ramayana' film, starring Ranbir Kapoor, Sai Pallavi, and Yash, had its world premiere in Los Angeles on October 27, reportedly boosting collections by 27% within 24 hours. Sai Pallavi revealed Yash's son cried watching his father's character, Ravana, kill Jatayu, expressing disapproval. The film is set for a global theatrical release on November 5.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YASH, RAMAYANA, SAIPALLAVI, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY