SignIn
Kerala Kaumudi Online
Sunday, 01 November 2026 3.54 AM IST

കൊച്ചു കേരളത്തിൽ സിനിമയുടെ 70

chemmin

മലയാള സിനിമയിൽ ഓരോ കാലത്തും അടയാളപ്പെടുത്തിയ ഏഴ് ചിത്രങ്ങൾ

തല ഉയർത്തി ചെമ്മീൻ

മലയാള സിനിമയുടെ ചരിത്രത്തിൽ ക്ലാസിക് ഇതിഹാസമായി തുടരുകയാണ് ഇന്നും 'ചെമ്മീൻ." 60 വർഷം പിന്നിടുമ്പോഴും ചെമ്മീന്റെ ദൃശ്യഭംഗിയും വൈകാരിക തീവ്രതയും പ്രേക്ഷകരുടെ മനസിൽ തന്നെയുണ്ട്. തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാതമായ നോവലിനെ ആധാരമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രം അന്നേവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത സാങ്കേതിക മികവിന്റെയും കലാപരമായ പൂർണതയുടെയും പ്രതിഫലനമായിരുന്നു. ഷീലയും മധുവും സത്യനും കൊട്ടാരക്കര ശ്രീധരൻ നായരും അനശ്വരമാക്കിയ കഥാപാത്രങ്ങൾ കറുത്തമ്മയും പരീക്കുട്ടിയും ചെമ്പൻ കുഞ്ഞും പളനിയും . ബ്ളാക് ആൻഡ് വൈറ്റ് സിനിമയുടെ സൗന്ദര്യം മാർക്കസ് ബാർട്ട്‌ലിയുടെ ക്യാമറ ഒപ്പിയെടുത്തു. വയലാർ രാമവർമ്മയുടെ വരികൾക്ക് സലീൽ ചൗധരി ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഇന്നും പാടിക്കൊണ്ടേയിരിക്കുന്നു.

കുറുകുന്ന ഇണപ്രാവുകൾ

സത്യനും നസീറും പ്രധാന വേഷം അവതരിപ്പിച്ച ഇണപ്രാവുകൾ നടി ശാരദയുടെ ആദ്യ മലയാള ചിത്രം ആണ്. കുഞ്ചാക്കോ നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രം മുട്ടത്തുവർക്കിയുടെ ഇതേ പേരിൽ പ്രശസ്തമായ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരം ആണ്. ജീവിതഗന്ധിയായ കഥ പറഞ്ഞ ചിത്രം മലയാള സിനിമയിൽ ശാരദയ്ക്ക് വലിയൊരു വഴിതുറന്നു നൽകി. 'ദുഃഖപുത്രി" എന്ന ഇമേജിലേക്ക് മാറുന്നതിന് ഇണപ്രാവുകൾ കാരണമായിത്തീർന്നു. വയലാർ രചിച്ച് വി. ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനങ്ങൾ വലിയ സ്വീകാര്യത നേടി .

നവതരംഗത്തിന്റെ സ്വയംവരം

മലയാള സിനിമയിൽ നവതരംഗത്തിന് തുടക്കം കുറിച്ച ചിത്രം ആണ് അടൂർ ഗോപാലകൃഷ്ണന്റെ സാക്ഷാത്‌ക്കാരത്തിൽ പുറത്തിറങ്ങിയ സ്വയംവരം. അടൂർ ഗോപാലകൃഷ്ണൻ എന്ന ചലച്ചിത്രകാരന്റെ ആദ്യത്തെ ഏറ്റവും വലിയ ചുവടുവയ്പ്. എല്ലാക്കാലത്തും മലയാള സിനിമയുടെ ചരിത്രത്തിൽ സ്വയംവരം തിളങ്ങിനിൽക്കുന്നു. മധു, ശാരദ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. സീത എന്ന നായിക അതുവരെ മലയാള സിനിമ കണ്ട രീതിയിലെ സ്‌ത്രീവേഷമായിരുന്നില്ല . പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരം ആണ് എന്നും സ്വയംവരം.

പുതിയ കാലത്തും ചിദംബരം

ജി. അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരം ഇപ്പോഴും ശിവകാമിയെ തേടുന്നു. ബോളിവുഡ് താരം സ്‌മിത പാട്ടീൽ അഭിനയിച്ച ആദ്യ മലയാള ചിത്രം ആണ് ചിദംബരം. ഭരത് ഗോപി, ശ്രീനിവാസൻ എന്നിവരുടെ അസാധാരണമായ പ്രകടനം ചിദംബരത്തിന്റെ നാഴികക്കല്ലാണ്. സി.വി. ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി അരവിന്ദൻ ഒരുക്കിയ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും അഞ്ച് സംസ്ഥാന അവാർഡുകളും നേടി.

പിറവിയുടെ പിറവി

കാണാതായ മകൻ തിരിച്ചുവരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന അച്ഛൻ മാനസികാവസ്ഥയിലൂടെ സഞ്ചരിച്ച പിറവി. അടിയന്തരാവസ്ഥ കാലത്ത് കോളിളക്കം സൃഷ്ടിച്ച രാജൻ എന്ന എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ തിരോധാനത്തെ ആസ്പദമാക്കിയാണ് ഷാജി എൻ. കരുൺ സംവിധാനം ചെയ്തത്.

ആദ്യ സിനിമയിലൂടെ തന്നെ ഷാജി എൻ. കരുൺ ലോക ചലച്ചിത്ര ഭൂപടത്തിൽ മലയാളത്തിന്റെ കൈയൊപ്പ് പതിപ്പിച്ചു. നടൻ പ്രേംജിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി . ഷാജിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം.

സത്യനാഥന്റെ സദയം

ഉള്ളിലൊരു പിടച്ചിൽ അനുഭവിപ്പിക്കുന്ന സിനിമ എന്ന ശ്രേണിയിൽ ആണ് എം.ടിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സദയം. സത്യനാഥൻ എന്ന കഥാപാത്രം മോഹൻലാൽ എന്ന അത്ഭുതപ്രതിഭയുടെ വിസ്‌മയകരമായ പകർന്നാട്ടം ആണ്. അക്കാലത്ത് പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു ചിത്രത്തിന്റെ ക്ളൈമാക്സ്. സത്യനാഥൻ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. നീതിന്യായ വ്യവസ്ഥിതിക്ക് അതീതമല്ലല്ലോ മാനുഷിക വികാരങ്ങളും മനുഷ്യത്വവും.

ചന്തു ചതിയനല്ല

മമ്മൂട്ടി നായകനായി എം.ടി. - ഹരിഹരൻ ടീമിന്റെ ഒരു വടക്കൻ വീരഗാഥ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. വടക്കൻ പാട്ടിലെ ചതിയനായ ചന്തുവിനെ വീരനായകനായി പുതിയ കാഴ്ചപ്പാടിൽ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ വീരഗാഥയായിരുന്നു നായകനായ ചന്തു. കഥാപാത്രത്തെ ഭാവഗംഭീരമായി അവതരിപ്പിച്ച് മമ്മൂട്ടി അത്ഭുതപ്പെടുത്തി . മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം, മികച്ച തിരക്കഥയ്ക്കും മികച്ച പ്രൊഡക്‌ഷൻ, വസ്ത്രാലങ്കാരം എന്നിവയ്ക്കും ദേശീയ പുരസകാരം. 7 സംസ്ഥാന അവാർഡുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA