SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

എൽ.ഡി.എഫ്- ബി.ജെ.പി ഡീൽ ആവർത്തിച്ച് രാഹുലും ഖാർഗെയും

congress

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.ഫ്-ബി.ജെ.പി ഡീലുണ്ടെന്ന ആക്ഷേപം ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും. കോഴിക്കോട്ട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. രാഹുൽ ഗാന്ധി ഓൺലെെനായാണ് പ്രസംഗിച്ചത്.

യു.ഡി.എഫ് ജനങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ബി.ജെ.പി വിഭാഗീയത വളർത്തുകയാണ്. ഇതിന് പിന്തുണ നൽകുകയാണ് എൽ.ഡി.എഫ്. ബി.ജെ.പിയെ എതിർക്കുന്ന താനുൾപ്പെടെയുള്ള നേതാക്കളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കൊണ്ടടക്കം കേസെടുപ്പിക്കുമ്പോൾ ,പിണറായി വിജയന്റെ പേരിലുള്ള അഴിമതിക്കേസുകളിൽ തുടരന്വേഷണമില്ല. ഡീലിന് ഏറ്റവും വലിയ തെളിവാണിത്. പ്രതിവർഷം രണ്ട് കോടി ജനങ്ങൾക്ക് തൊഴിൽ നൽകുമെന്ന് മോദിയും 40 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പിണറായി വിജയനും പറഞ്ഞത് പാലിച്ചില്ല. ജനങ്ങൾക്ക് ചോദിക്കാനവകാശമുണ്ടെന്നു പോലും ഇരു പാർട്ടികളും അംഗീകരിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്ന് ഖാർഗെ പറഞ്ഞു.

സി.പി എമ്മിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്. സി.പി.എമ്മിനെ ജയിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ശക്തരായ സ്ഥാനാർത്ഥികളില്ലാത്തത്. എൽ.ഡി.എഫ് ജനങ്ങൾക്കൊപ്പമല്ല, ബി.ജെ.പിക്കൊപ്പമാണ്. മാറ്റം വേണമെങ്കിൽ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നും ഖാർഗെ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കുന്ന പ്രധാന പദ്ധതികൾ ഇരുവരും പ്രഖ്യാപിച്ചു.

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം, സാമൂഹ്യ സുരക്ഷ പെൻഷൻ 3,000 രൂപ, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷ്വറൻസിൽ 25 ലക്ഷം വരെ ചികിത്സ സഹായം, യുവാക്കൾക്ക് സംരംഭം തുടങ്ങാൻ അഞ്ച് ലക്ഷം വരെ പലിശ രഹിത വായ്പ എന്നിവയാണ് ഇന്ദിര ഗ്യാരന്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA