SignIn
Kerala Kaumudi Online
Tuesday, 26 May 2026 6.16 PM IST

'ഇതെല്ലാം  മുൻകൂട്ടി  തയ്യാറാക്കിയ  തിരക്കഥയാണ്, പണം  കൊടുത്ത  സ്ത്രീയെ  എനിക്ക്  അറിയില്ല'

sobha-surendran

പാലക്കാട്: വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാലക്കാട് കണ്ണാടിയിൽ എത്തിയത് ക്യാൻസർ രോഗിയെ കാണാൻ ആണെന്നും കാറിൽ ഒരു സംഘം തന്നെ പിന്തുടരുകയായിരുന്നുവെന്നും ശോഭ മാദ്ധ്യമങ്ങളോട് പറഞ്ഞു. വയോധികയ്ക്ക് പണം കൊടുത്ത സ്ത്രീയെ അറിയില്ലെന്നും അവർ വ്യക്തമാക്കി.

'ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. എന്റെ നേരെ ഉയരുന്ന ആരോപണം ഉണ്ടായില്ലാ വെടിയാണ്. പണം കൊടുത്ത ആ സ്ത്രീയെ എനിക്ക് അറിയില്ല. അവർ എന്റെ കാറിൽ ഉണ്ടായിരുന്നില്ല. എന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കാറിൽ ഒരു സംഘം എന്നെ പിന്തുടർന്നു. അതിനാലാണ് കാർ നിർത്തി സംസാരിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകും. പണം നൽകിയ സ്ത്രീയല്ല എന്റെ കാറിൽ ഇരിക്കുന്നത്. അവരുടെ മുഖം വ്യക്തമല്ല'- ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബിജെപി പ്രവർത്തകർ 5000 രൂപ നൽകിയതെന്നാണ് കോൺഗ്രസ് ആരോപണം. ശോഭയും മറ്റ് രണ്ട് സ്ത്രീകളുമാണ് എത്തിയത്. ശോഭ കാറിലേക്ക് പോയശേഷം ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നൽകിയെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ബിജെപി പ്രവർത്തകർ പണം നൽകിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പറഞ്ഞതെന്ന് ഇവരുടെ വീട്ടിൽ അന്വേഷണം നടത്തിയ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA