SignIn
Kerala Kaumudi Online
Saturday, 06 June 2026 3.13 AM IST

യു.ഡി.എഫിന്റെ പൊയ് മുഖം അഴിഞ്ഞെന്ന് സി.പി.ഐ

1

തിരുവനന്തപുരം: ബി.ജെ.പി-ആർ.എസ്.എസ് നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉദാര വൽക്കരണ -സ്വകാര്യവൽക്കരണ നയങ്ങളുടെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് യു.ഡി.എഫ് സർക്കാർ ധവള പത്രത്തിലൂടെ വ്യക്തമാക്കിയതായി സി.പി.ഐ.

നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആണെന്ന മുഖ്യമന്ത്രി വി. ഡി . സതീശന്റെ കപടനാട്യവും യഥാർത്ഥ ഇടതുപക്ഷം തങ്ങൾ ആണെന്ന യു.ഡി.എഫിന്റെ വിടുവായത്തവും ഒരുമിച്ച് അഴിഞ്ഞു വീഴുകയാണെന്ന് സി.പി.ഐ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ലോകത്തെ എല്ലാ വലതുപക്ഷ ഭരണകൂടങ്ങളും പിന്തുടരുന്ന പൊതുമേഖല വിറ്റഴിക്കൽ, ശമ്പള പരിഷ്‌കരണം മരവിപ്പിക്കൽ തുടങ്ങിയ ജനവിരുദ്ധ കുറിപ്പടികൾ അല്ലാതെ ഒന്നും തന്നെ തങ്ങളുടെ കൈയിൽ ഇല്ലെന്ന് സർക്കാർ നേതൃത്വം ജനങ്ങളെ അറിയിച്ചിരിക്കുന്നു. കടബാധ്യതയുടെ കണക്കിൽ ഉത്തർപ്രദേശിനും കർണ്ണാടകയ്ക്കും എല്ലാം വളരെ താഴെയാണ് കേരളത്തിന്റെ സ്ഥാനം. എന്നിരിക്കെ ജനക്ഷേമ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കാനും ബാധ്യതകളിൽ നിന്നു ഒഴിയാനും വേണ്ടിയാണ് പെരുപ്പിച്ച കണക്കുകൾ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ കടം ഏതെങ്കിലും ഒരു സർക്കാരിന്റെ കാലത്തുണ്ടായിട്ടുള്ളതല്ല. ജനക്ഷേമത്തിന്റെയും സാമൂഹ്യവികാസ സൂചികകളുടെയും എല്ലാ മാനദണ്ഡങ്ങൾ പ്രകാരവും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് വേണ്ടി നടത്തിയ പൊതുചെലവിന്റെ ഫലം കൂടിയാണത്.ജനവിരുദ്ധ വലതുപക്ഷ നയങ്ങൾ അടിച്ചേൽപ്പിക്കാനാണ് നീക്കമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ യു.ഡി.എഫ് സർക്കാരിന് നേരിടേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA