SignIn
Kerala Kaumudi Online
Saturday, 31 October 2026 2.18 AM IST

17കാരന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പിഴവ്, പ്രോസിക്യൂഷനെ വിമർശിച്ച് കോടതി

a

കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പ്രോസിക്യൂഷന് എറണാകുളം അഡിഷണൽ സെഷൻസ് കോടതിയുടെ രൂക്ഷവിമർശനം. ജഡ്ജിപുത്രന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിലെ ഗുരുതരപിഴവുകളാണ് കോടതിയെ ചൊടിപ്പിച്ചത്. 17കാരനെ തിരിച്ചറിയുന്ന വിവരങ്ങളുമായി ഹർജി തയ്യാറാക്കിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവരങ്ങൾ പുറത്തുവിടുന്നത് രണ്ടുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ചൂണ്ടിക്കാട്ടി. പിഴവുകൾ തിരുത്തി ഹർജി വീണ്ടും സമർപ്പിക്കാനും നിർദ്ദേശിച്ചു.

അപകടത്തിൽ കൊല്ലപ്പെട്ട തട്ടുകട ഉടമയായ ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം കേസിൽ കക്ഷിചേരാൻ നൽകിയ ഹർജിയിലും സമാന പിഴവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതും തിരുത്തി നൽകാൻ നിർദ്ദേശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമകേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് ഹർജി എത്തിയത്.

അതിനിടെ കോടതിയിൽ നാടകീയസംഭവങ്ങളും അരങ്ങേറി. ജയബാലകൃഷ്ണന്റെ ബന്ധുവായ ജയലക്ഷ്മി നേരിട്ട് ഹാജരായി, തങ്ങൾ ആർക്കും വക്കാലത്ത് നൽകിയിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയാണ് കേസ് ഏല്പിച്ചതെന്നും ആവശ്യമെങ്കിൽ അവർ നേരിട്ട് കോടതിയിലെത്തുമെന്നും കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ എം.ജി.ശ്രീജിത്ത് വ്യക്തമാക്കി.

അഭിഭാഷകനു വക്കാലത്ത് ഒപ്പിട്ടുനൽകിയതാണെന്ന് ഭദ്രകീർത്തി പിന്നീട് പ്രതികരിച്ചു. ഹർജിയിലെ വീഴ്ച സംബന്ധിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഭദ്രകീർത്തി പറഞ്ഞു. തിരുത്തിയ ഹർജി ഇന്നുതന്നെ സമർപ്പിക്കാനാണ് പ്രോസിക്യൂഷൻ ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA