
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റ കേസിൽ സ്‌റ്റോർ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരൻ കെ.ജയലാലിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. നേരെത്തെ പിടിയിലായ ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്.എസ്.ബിനുവിന്റെ മൊഴിലാണ് അറസ്റ്റ്.
നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികൾ ദേവസ്വം ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് അന്വേഷണസംഘം കോടതിയിൽ അറിയിച്ചു.
പഞ്ചവാദ്യം വിഭാഗം ജീവനക്കാരനായ ജയലാൽ തീർത്ഥാടന സമയത്ത് നെയ്യ് സ്റ്റോർ ഓഫീസിലായിരുന്നു ജോലി. കഴിഞ്ഞ മകരവിളക്ക് കാലത്ത് സന്നിധാനത്ത് മിൽമയുടെ പത്തനംതിട്ട ഡയറിയിൽ നിന്ന് 28 ലോഡ് നെയ്യ് രേഖാമൂലം സന്നിധാനത്തേക്ക് അയച്ചെന്നും അതിൽ മൂന്ന് ലോഡ് നെയ്യ് രേഖകൾ തിരുത്തി തമിഴ്നാട്ടിലേക്ക് മാറ്റി അയച്ചെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ.
11,040 കി.ഗ്രാം നെയ്യാണ് തമിഴ്നാട് ഒട്ടൻഛത്രത്തുള്ള ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങൾക്ക് മറിച്ചുവിറ്റത്. പകരം, ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ച് 50 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. ലാഭവിഹിതത്തിൽ 15 ലക്ഷം രൂപ ബിനു ജയലാലിന് കൈമാറി. മറ്റ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും ക്രമക്കേടിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെ മറ്റ് കണ്ണികളിലേക്ക് എത്താനാകുമെന്ന കണക്കുകൂട്ടലിലാണ് വിജിലൻസ്. കേസിൽ ബിനു നാലാം പ്രതിയും ജയലാൽ അഞ്ചാം പ്രതിയുമാണ്. ബിനുവിനെ കൊല്ലം ജില്ലാ ജയിലിലേക്കും ജയലാലിനെ തിരുവനന്തപുരം പ്രത്യേക ജയിലിലേക്കുമാണ് അയച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |