
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട എറണാകുളം മുൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും വിരമിച്ച ജില്ലാ ജഡ്ജിയുമായ പട്ടം മുളവന പ്രഭ ലെയ്നിൽ മൊറൈസ് വില്ലയിൽ ആന്റണി ടി. മൊറൈസിന്റെ (85) മൃതദേഹം സംസ്‌കരിച്ചു.
പാറ്റൂർ സെയ്ൻ്റ് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളിയിലാണ് ഇന്നലെ ഉച്ചയ്ക്ക് സംസ്കാരം നടന്നത്.
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടായിരുന്ന ആന്റണി ടി. മൊറൈസ് നടത്തിയ ശക്തമായ ഇടപെടലിലാണ് സിസ്റ്റർ അഭയ കേസിൽ പ്രതികളെ പിടി കൂടാൻ സാധിക്കുന്നില്ലെന്ന സി.ബി.ഐ റിപ്പോർട്ട് തള്ളിക്കളഞ്ഞ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ ബാഹ്യസ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം നടത്തിയതെന്ന് വിമർശിച്ച അദ്ദേഹം, സംശയ നിഴലിലുള്ളവരെ ബ്രെയിൻ മാപ്പിംഗ്, നാർക്കോ അനാലിസിസ് തുടങ്ങിയ ആധുനിക ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കാൻ സിബിഐക്ക് കർശന നിർദ്ദേശം നൽകി. ഈ ഉത്തരവാണ് 2008-ൽ പ്രതികളുടെ അറസ്റ്റിലേക്കും, 2020-ൽ സി.ബി.ഐ പ്രത്യേക കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷാ വിധിയിലേക്കും നയിച്ചത്. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായിരുന്ന ജെ.ടി. മൊറൈസിന്റെ മകനാണ്.ഭാര്യ: ആലപ്പുഴ ഈരശ്ശേരിൽ റിട്ട. പ്രൊഫ. പി. തങ്കമ്മ (ഗവ. വിമൻസ് കോളേജ് വഴുതക്കാട്). മക്കൾ: ലിലി ആന്റണി (പ്രോജക്ട് മാനേജർ, കെർനോക്സ്, തിരുവനന്തപുരം), പരേതനായ അലക്സ് ടൈറ്റസ്. മരുമകൻ: ജോളി ജോസഫ് താനിക്കൽ (ഡയറക്ടർ, കെർനോക്സ്, എറണാകുളം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |