
കൊച്ചി: ''ഞങ്ങൾ നിങ്ങൾക്കൊപ്പമാണ്. പ്രതിക്കൊപ്പമല്ല. മകൾ ആവശ്യപ്പെട്ട നടപടികളെല്ലാം സ്വീകരിച്ചില്ലേ. ധൈര്യമായിരിക്കൂ. സർക്കാർ ഒപ്പമുണ്ടാകും."" പ്രായപൂർത്തിയാകാത്ത ജഡ്‌ജിപുത്രൻ അമിതവേഗതയിൽ ഓടിച്ച ബെൻസ് കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്‌ണന്റെ കുടുംബത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറപ്പ്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ തെക്കൻചിറ്റൂരിലെ വസതിയിലെത്തി ജയബാലകൃഷ്‌ണന്റെ ഭാര്യ ബിന്ദു, മക്കളായ ശരത് ഭദ്രൻ, ഭദ്രകീർത്തി, ഭാഗ്യദർശൻ എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു.
ആഭ്യന്തരമന്ത്രി ഉൾപ്പെടെ എല്ലാവരും ഇടപെട്ടിട്ടുണ്ട്. എ.ഡി.ജി.പിയെ നേരിട്ടയച്ച് കാര്യങ്ങൾ മനസിലാക്കി. മകൾ ആവശ്യപ്പെട്ടതുപോലെ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ജഡ്‌ജിയെ ഉൾപ്പെടെ രക്ഷിക്കാൻ ശ്രമിക്കില്ല. അദ്ദേഹത്തെ അറിയുകപോലുമില്ല. നിങ്ങൾക്ക് നീതിലഭിക്കാനാണ് എല്ലാവരും നിൽക്കുന്നത്. മുഖ്യമന്ത്രി അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് ജയബാലകൃഷ്‌ണന്റെ മൃതദേഹം നീക്കുംമുമ്പേ ജഡ്‌ജിപുത്രനെ രക്ഷിക്കുന്ന നടപടികളാണ് പൊലീസ് സ്വീകരിച്ചതെന്ന് ബിന്ദു മുഖ്യമന്ത്രിയോട് പറഞ്ഞു. പുലർച്ചെ 2.46നാണ് തന്നെ പൊലീസ് വിളിച്ചത്. അപകടമുണ്ടായി, ആശുപത്രിയിൽ വരാമോയെന്നാണ് ചോദിച്ചത്. വരാൻ വണ്ടിയില്ലാത്തതിനാൽ മകന്റെ നമ്പർ കൊടുത്തു. അവരെത്തി മകനെ വിളിച്ചുകൊണ്ടുപോയി. 2.16നാണ് സംഭവം. 2.46നാണ് തന്നെ വിളിച്ചത്. 2.40നകം ജഡ്‌ജി കുടുംബവും സ്ഥലത്തെത്തി തെളിവുകൾ നശിപ്പിച്ചു.
മൃതദേഹം അപകടസ്ഥലത്ത് കിടക്കുമ്പോൾ ജഡ്‌ജിയുടെ കുടുംബം തെളിവ് നശിപ്പിക്കുന്നത് സി.സി ടി.വിയിലുണ്ടെന്ന് ഭദ്രകീർത്തി മുഖ്യമന്ത്രിയോട് പറഞ്ഞു. പൊലീസ് വണ്ടിക്ക് പിന്നിൽ ജഡ്‌ജിയുടെ ഭാര്യയും മകനും കാറിലുണ്ടായിരുന്നു. അതിന്റെ പിന്നിൽ ഫോർച്യൂണർ കാറിലെത്തിയ ജഡ്‌ജിയും കൂട്ടുകാരനും കാറിന്റെ മുമ്പിലെ ബോർഡ് എടുത്തുമാറ്റാൻ ശ്രമിച്ചത് ദൃശ്യങ്ങളിലുണ്ടെന്ന് ഭദ്രീർത്തി പറഞ്ഞു.
മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
``ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു.
നീതി ലഭിച്ചിട്ടില്ല. അതിനായി എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞു. സർക്കാർ കൂടെയുണ്ടാകുമെന്ന് വാക്ക് തന്നിട്ടുണ്ട്. ജഡ്‌ജിയെ സസ്‌പെൻഡ് ചെയ്യുന്നത് സർക്കാരിന്റെ അധികാരപരിധിയിലല്ലെന്ന് പറഞ്ഞു. ``
-ഭദ്രകീർത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |