SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.11 PM IST

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യത, ശ്രീനാദേവി കുഞ്ഞമ്മയും പ്രതിയായേക്കും

sreenadevi-kunjamma
അടൂർ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ കിടക്കുന്ന പ്രതിയോട് സംസാരിക്കുന്ന ശ്രീനാദേവി കുഞ്ഞമ്മ, ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ നിർണായക നീക്കങ്ങളുമായി പൊലീസ്. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിയാക്കിയേക്കും. കേസിൽ കൂടുതൽ അന്വേഷണവും കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ അതിക്രമമൊന്നും കാണിച്ചിട്ടില്ലെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. രാജൻ ജോസഫിനോട് സുഖമാണോ ചേട്ടാ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തെന്നും അവർ വിശദീകരിച്ചിരുന്നു.

അതേസമയം, യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമം അതീവ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊലീസ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറി ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കേസിൽ ഇന്നലെ യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള ആരോപണം ശക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജൂലായ് 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. രാജൻ ജോസഫിനെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടയുന്നതും സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പ്രവർത്തകരുടെ ആക്രമണത്തിൽ നിന്ന് രാജൻ ജോസഫിനെ രക്ഷിച്ച് പൊലീസ് സ്റ്റേഷനുള്ളിലേക്ക് വലിച്ചുകയറ്റിയെങ്കിലും ശ്രീനാദേവി കുഞ്ഞമ്മ പൊലീസ് സ്റ്റേഷനുള്ളിൽ കയറി ലോക്കപ്പിന് മുന്നിലെത്തുകയും ലോക്കപ്പിൽ കിടക്കുന്ന രാജൻ ജോസഫിനോട് രോഷത്തോടെ സംസാരിക്കുകയുമായിരുന്നു. സ്റ്റേഷന് പുറത്തെ പ്രതിഷേധം ഒഴിവാക്കാനാണ് ശ്രീനാദേവി കുഞ്ഞമ്മയെ പൊലീസിന്റെ അനുമതിയോടെ ലോക്കപ്പിന് സമീപം എത്തിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്. ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതിൽ കൂടുതൽ അന്വേഷണം വേണമെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇതിന് പിന്നാലെ പൊലീസിനെതിരെ വ്യാപക വിമർ‌ശനം ഉയർന്നിരുന്നു.

English Summary

Police are planning further arrests in the Adoor Police Station attack case in Pathanamthitta, Kerala. Congress leader and District Panchayat member Sreenadevi Kunjamma may also be named as an accused. Police are continuing their investigation and preparing to take strict action against those involved.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR POLICE STATION ATTACK, SREENADEVI KUNJAMMA CASE, ADOOR POLICE STATION ARREST, YOUTH CONGRESS VIOLENCE, CM VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA