
തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 17കാരൻ രുദ്രേഷിന്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും. തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ രുദ്രേഷിന്റെ ഏഴ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിങ്കളാഴ്ച രാത്രി 11ന് കരമന കിള്ളിപ്പാലത്ത് രുദ്രേഷും സുഹൃത്തും സഞ്ചരിച്ച ബൈക്കിനു മുന്നിൽ നായ കുറുകെ ചാടി അപകടമുണ്ടാവുകയായിരുന്നു. ഗുരുതര പരിക്കേറ്റ രുദ്രേഷിനെ കിള്ളിപ്പാലത്തെ പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. വൃക്കകളിലൊന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്കയും പാൻക്രിയാസും കരളും കൊച്ചിയിലെ കിംസ് ആശുപത്രിയിലേക്കും നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കുമാണ് നൽകുന്നത്. ശസ്ത്രക്രിയയ്‌ക്ക് മുന്നോടിയായുള്ള പരിശോധനയിൽ ഹൃദയത്തിന് നേരിയ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് ഹൃദയം ദാനം ചെയ്യാനായില്ല. ചെക്കിട്ട വിളാകത്ത് വീട്ടിൽ സുരേഷ് ബി. – രമ്യാദേവി ദമ്പതികളുടെ മകനായ രുദ്രേഷ് തിരുമല എ.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |