കൊച്ചി: കാലടി സർവകലാശാലയിൽ സമരം ചെയ്തതുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ വിദ്യാർത്ഥികൾ. സമരം ചെയ്തതിനെ തുടർന്ന് സസ്‌പെൻഷനിലായ പത്ത് വിദ്യാർത്ഥികൾക്ക് നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നിയമപോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് എസ് എഫ് ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിനെതിരെ സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വരും ദിവസങ്ങളിൽ തന്നെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാനാണ് തീരുമാനം.
വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീലിലായിരുന്നു നടപടി. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നുമുള്ള വിസിയുടെ നിലപാട് കോടതി ശരിവയ്ക്കുകയായിരുന്നു.
സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർത്ഥികളെയാണ് ക ഴിഞ്ഞ 65 ദിവസമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീലിൽ ജസ്റ്രിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം, സസ്‌പെൻഷനിലായിട്ട് 65 ദിവസമായെന്നും എങ്ങനെ ഹാജർ ഉണ്ടാകുമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
മാപ്പ് എഴുതി നൽകിയാൽ കാലടി സർവ്വകലാശാലയിലെ 16ൽ 12 വിദ്യാർത്ഥികളുടേയും സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു ഇന്നലെ കൂടിയ സിൻഡിക്കേറ്റ് തീരുമാനം. എന്നാൽ മാപ്പ് എഴുതി നൽകി കീഴടങ്ങാനില്ലെന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ തീരുമാനം. ഓഗസ്റ്റ് 23ലെ സമരം അക്രമത്തിലേക്ക് എത്തിയെന്നും വിസിയുടെ പ്രതീകാത്മക ശവ ഘോഷയാത്ര നടത്തിയെന്നുമാണ് അന്വേഷണ സമിതി സിൻഡിക്കേറ്റിന് മുന്നിൽ വച്ച റിപ്പോർട്ടിലുള്ളത്.
Ten suspended Kalady University students will approach the Supreme Court after the High Court denied them permission to write upcoming exams. The High Court overturned a single bench order, upholding the Vice-Chancellor's decision that students lacked required attendance due to protest suspensions. Sixteen students have been suspended for 65 days.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |