ജീവിതത്തിൽ ചെറിയ കുറവുകളെയും പ്രതിസന്ധികളെയും മാറ്റിനിർത്തി തന്റെയുള്ളിലെ കഴിവുകളെ പൊടിതട്ടിയെടുത്ത് ജീവിതത്തിൽ മുന്നോട്ടുപോകുന്നവർ എന്നും ഒരു പ്രചോദനമാണ്. അത്തരത്തിലുള്ള നിരവധിപേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തന്റെ കുഞ്ഞുകഴിവിൽ സന്തോഷം കണ്ടെത്തുന്ന ഒരു കൊച്ചുമിടുക്കനുണ്ട്.
തിരുവനന്തപുരം വെമ്പായം മദപുരം സ്വദേശിയും കേബിൾ ടിവി ജീവനക്കാരനുമായ പ്രദീപ് കുമാറിന്റെയും അംഗനവാടി ഹെൽപ്പർ പ്രീതയുടെയും ഇളയ മകനായ അമൽ പി. കന്യാകുളങ്ങര ബോയിസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അമൽ. രണ്ടര വയസിലാണ് അമലിന് നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖം കണ്ടെത്തിയത്. ഇപ്പോൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇക്കാലയളവിൽ സ്കൂളിൽ കൂട്ടുകാർക്കൊപ്പം പഠിച്ചും കളിച്ചും ഉല്ലസിക്കേണ്ട അമലിന് പക്ഷെ സ്കൂൾ ജീവിതം അത്രകണ്ട് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. മിക്കപ്പോഴും ചികിത്സയുടെ ഭാഗമായി ആശുപത്രിയിലായിരിക്കും. എന്നാൽ തനിക്ക് നഷ്ടപ്പെട്ട സന്തോഷം ഈ കൊച്ചുമിടുക്കൻ തിരിച്ചുപിടിച്ചത് തന്റെയുള്ളിലുണ്ടായിരുന്ന ഒരു കുഞ്ഞ് കഴിവിലൂടെയാണ്. കളിപ്പാട്ട വാഹന നിർമാണം.
കേൾക്കുമ്പോൾ ഇതിലൊക്കെ എന്തുകാര്യമെന്ന് തോന്നുമെങ്കിലും സംഗതി പൊളിയാണ്. കാരണം ഈ വാഹനങ്ങളെല്ലാം ഒർജിനലിനെ വെല്ലുന്നതാണ്. നിറവും മോഡലും രൂപവുമെല്ലാം ഒറിജിനലിന് സമാനമാണ്. ഇപ്പോഴിതാ തന്റെ വാഹനനിർമ്മാണ വിശേഷങ്ങൾ കേരള കൗമുദി ഓൺലൈനോട് പങ്കുവയ്ക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
അമലിന്റെ വീട്ടിലെ ഷെൽഫിലെ കണ്ണാടിക്കൂട്ടിനുള്ളിലും മുറിയിലും നിറയെ കളിപ്പാട്ടങ്ങളാണ്. വെറും കളിപ്പാട്ടങ്ങളല്ല. ജെസിബികൾ, കെഎസ്ആർടിസി ബസുകൾ, ടോറസ്, ലോറികൾ, ഫയർഫോഴ്സ് വാഹനം, കോൺക്രീറ്റ് കുഴക്കുന്ന വാഹനം, ക്രെയിൻ തുടങ്ങീ സ്വന്തം കലാവിരുതിൽ പണിതെടുത്ത വാഹനങ്ങളാണ്. പക്ഷെ ഇതിനെല്ലാം തുടക്കം നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖത്തിൽ നിന്നാണ്.
രണ്ടരവയസിലാണ് നെഫ്രോട്ടിക് സിൻഡ്രോം അമലിനെ ബാധിച്ചത്. തുടർന്ന് മാസങ്ങളോളം ആശുപത്രിയിൽ കിടന്നും അല്ലാതെയും ചികിത്സ. തുടർച്ചയായുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം സ്കൂളിൽ ചേർക്കാൻ താമസിച്ചു. തുടർന്ന് ഏഴ് വയസിലാണ് സ്കൂളിൽ ചേർത്തത്. ഇതിനിടെ വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയത് കാരണം സ്കൂളിൽ സ്ഥിരമായി പോകാനാകാതെ വന്നെന്ന് അമൽ പറയുന്നു.
കുട്ടിക്കാലത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങളെ അമൽ ആശ്ചര്യത്തോടെയാണ് നോക്കിയിരുന്നതെന്നാണ് അമ്മ പ്രീത പറയുന്നത്. പോരാത്തതിന് നിരവധി സംശയങ്ങളും. ഇവിടെ നിന്നാണ് ഒരു വാഹനം ഉണ്ടാക്കണമെന്ന ചിന്ത അമലിലുണ്ടായത്. ആരോഗ്യപ്രശ്നത്തെ തുടർന്ന് സ്കൂളിൽ പോകാൻ കഴിയാതിരുന്ന ഒരു ദിവസം അമൽ രണ്ട് തീപ്പെടികൂടുകൊണ്ട് ടിപ്പറിന്റെ രൂപമുള്ള ഒരു കളിപ്പാട്ടമുണ്ടാക്കി. ഇവിടെനിന്നാണ് എല്ലാത്തിന്റെയും തുടക്കം.
പിന്നീട് ഒരു ദിവസം സ്കൂളിൽ നിന്ന് വൈകിട്ട് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ടിവിയിൽ ഒരു വാർത്ത കണ്ടത്. 2024 ജൂലൈ 16ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കാണാതായ വാർത്ത. നിരന്തരം ടിവിയിൽ ഈ വാർത്തയായിരുന്നു. ഈ സമയം വലിയ വിഷമം തോന്നിയ അമൽ ടിവിയിലും മറ്റും കണ്ട അർജുന്റെ ലോറി കാർബോഡിൽ ഉണ്ടാക്കി. അതേ രൂപത്തിൽ. ഇവിടെ നിന്നാണ് തീപ്പെട്ടിക്കൂടിൽ നിന്ന് കാർബോഡിലേയ്ക്കുള്ള മാറ്റം.
സ്കൂൾ കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തി പഠനമൊക്കെ കഴിഞ്ഞാൽ പിന്നെ അമലിന്റെ ജോലി അന്ന് തന്റെ കണ്ണിൽപ്പെട്ട വാഹനങ്ങൾ ഉണ്ടാക്കുന്നതാണ്. തുടക്കത്തിൽ ഇതൊന്നും വലിയ കാര്യമാക്കി എടുത്തില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. എന്നാൽ പോകപോകെ കളിപ്പാട്ടമായി മാത്രം കണ്ടിരുന്ന വാഹനങ്ങൾ ഒറിജിനലിനോട് രൂപസാദൃശ്യമുള്ളത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു.
വൈകാതെ കെഎസ്ആർടിസി ബസുകൾ, ലോറികൾ, ടിപ്പറുകൾ. ഫയർഫോഴ്സ്, ക്രെയിൻ എന്നിങ്ങനെ വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള വാഹനങ്ങൾ വളരെ മനോദരമായി തന്നെ ഉണ്ടാക്കാൻ തുടങ്ങി.

ഇതോടെയാണ് കുട്ടിക്കാലത്തുണ്ടായ വണ്ടിക്കമ്പം വെറും കുട്ടിക്കളിയല്ലെന്ന് മാതാപിതാക്കൾക്ക് മനസിലായത്. പിന്നീട് അമലിനുവേണ്ട എല്ലാ പിന്തുണയും അവർ അവന് നൽകി. പിന്നീടങ്ങോട്ട് വീട്ടിൽ ചെറിയ വലിയ വാഹനങ്ങൾകൊണ്ട് നിറഞ്ഞു. പലതും ഒറ്റനോട്ടത്തിൽ ഒറിജിനല്ലെന്നേ തോന്നൂ. ഇപ്പോൾ കാർബോഡുകൾ മാത്രമല്ല താൻ കഴിക്കുന്ന മരുന്നിന്റെ കവറുകളും തന്റെ ചെറിയ വലിയ കഴിവിനായി ഈ മിടുക്കൻ ഉപയോഗിക്കുന്നുണ്ട്.സ്കൂളിൽ പോകാൻ കഴിയാത്ത ദിവസങ്ങളിലെല്ലാം അമൽ സമയം ചെലവഴിക്കുന്നത് ഇങ്ങനെയാണ്.
അച്ഛനും അമ്മയും ചേട്ടനും അച്ഛമ്മയുമടങ്ങുന്ന ചെറിയ കുടുംബമാണ് അമലിന്റേത്. ഇവരാണ് അമലിന്റെ കലാവിരുതിന് പൂർണ പിന്തുണ നൽകുന്നത്. അമ്മ പ്രീതയും ഒരു ചെറിയ കലാകാരിയാണ്. പ്രീത് പ്ലാസ്റ്റികും നൂലും കൊണ്ട് പൂക്കളും മൃഗങ്ങളും പക്ഷിയും ഉണ്ടാക്കും. അതുകൊണ്ട് തന്നെ മകന്റെ ഈ കുഞ്ഞുകഴിവിന് അമ്മയുടെ പൂർണ പിന്തുണയുണ്ട്. തുടക്കത്തിൽ പഠിക്കാതെ ഇതൊക്കെ ഉണ്ടാക്കുന്നതിന് അമലിനെ വഴക്കുപറയുമായിരുന്നെന്ന് അമ്മ പറയുന്നു.
എന്നാൽ ഇടയ്ക്കിടെ ആരോഗ്യപ്രശ്നങ്ങൾ കാരണം സ്കൂളിൽ പോകാൻ കഴിയാതെ വന്നതോടെ സമയം പോകാതായി. ഇതോടെയാണ് അവനിഷ്ടമുള്ളത് തന്നെ ചെയ്യട്ടെയെന്ന് തീരുമാനിച്ചത്. അമലിന്റെ കഴിവ് തിരിച്ചറിഞ്ഞ അച്ഛൻ പ്രദീപും മൂത്ത സഹോദരൻ അമലും വണ്ടിനിർമ്മാണത്തിനായി ആവശ്യമായ സാധനങ്ങൾ വാങ്ങിനൽകും. അപ്പോഴും പഠനത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മാതാപിതാക്കൾ പറയുന്നു.
ഇപ്പോഴുള്ളതിനേക്കാൾ വ്യത്യസ്തമായ കുറേ വാഹനങ്ങൾ ഉണ്ടാക്കണമെന്നതാണ് അമലിന്റെ ആഗ്രഹം. മാത്രമല്ല ശാസ്ത്രമേളകളിൽ പങ്കെടുക്കാനും അമലിന് വലിയ ആഗ്രഹമുണ്ട്. അസുഖം കാരണം ഇതുവരെ അതിന് സാധിച്ചിട്ടില്ല. മറ്റുള്ളവർ ചെറുതെന്ന് കരുതുന്ന തന്റെ ഈ കഴിവിൽ പൂർണ സന്തോഷവാനാണ് അമൽ. ഭാവിയിൽ കാർബോഡുകൾ കൊണ്ടല്ല യഥാർത്ഥ വാഹനങ്ങൾ നിർമിക്കുന്ന ഒരാളാകണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം.
Amal P., a 15-year-old from Vembayam, Thiruvananthapuram, battling Nephrotic Syndrome since age two, finds joy in crafting realistic miniature vehicle models from cardboard and medicine covers. Despite frequent hospitalizations, his passion allows him to create detailed JCBs, buses, and trucks, supported by his family. He dreams of building real vehicles.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |