SignIn
Kerala Kaumudi Online
Friday, 11 September 2026 1.19 AM IST

ട്രെൻഡിനൊപ്പം ഓടുന്നവരോട് : കറന്റും വെള്ളവും പാഴാകുന്നു

aa

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ 80, 90 കിഡ്സുകളുടെ വിളയാട്ടമാണ്. റെട്രോ ലുക്കിൽ അഭിരമിക്കുകയാണവർ. ജെൻസികളും ജെൻ ആൽഫകളും പ്രോത്സാഹിപ്പിച്ച് ഒപ്പമുണ്ട്. മാരക ലുക്കിന് പിന്നിൽ എ.ഐയാണ്. പ്രോംപ്റ്ര് കൊടുക്കുമ്പോൾ മനസിൽ ഉദ്യേശിച്ചതിനേക്കാൾ കിടുവായി അതാ വരുന്നു ചിത്രം. പഴയ ആൽബം മറിച്ചുനോക്കുമ്പോൾ കിട്ടുന്ന ആത്മനിർവൃതിയോടെ അതു സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ ലൈക്കുകളും കമന്റുകളുമാണ് ഉന്നം. കാശുണ്ടാക്കുന്നവരുമുണ്ട്. റീലുകളുടെ വ്യൂസ് ഉയരുന്നത് കണ്ട് സന്തോഷിക്കുമ്പോൾ ഇതിനൊരു ആശങ്കയുയ‌ർത്തുന്ന മറുവശമുണ്ടെന്ന് കൂടി മനസിലാക്കണം. ട്രെൻഡുകൾ അതിവേഗം ഓടുമ്പോൾ അതിനൊപ്പം കുതിക്കാൻ എ.ഐ ഡേറ്റ സെന്ററുകൾക്ക് വൈദ്യുതിയും വെള്ളവും അതുപോലെ ആവശ്യമുണ്ട്. വല്ലാത്ത സമ്മർദ്ദമാണ് ആ സമയത്ത് ഡേറ്റ സെന്ററുകൾ അനുഭവിക്കുന്നത്. ഒരു എ.ഐ ഇമേജ് ജനറേറ്റ് ചെയ്യാൻ 0.01 മുതൽ 0.29 കിലോവാട്ട് ഹവർ വൈദ്യുതി വേണമെന്ന് യു.എസിലെ കാർനെഗി മെലോൺ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഒരാൾ ഒരു തവണ മാത്രമായിരിക്കില്ല ചിത്രം ജനറേറ്ര് ചെയ്യുക. ഇഷ്‌ടപ്പെട്ട രീതിയിൽ ഇമേജ് കിട്ടും വരെ തുടർച്ചയായി പ്രോംപ്റ്റുകൾ നൽകി എ.ഐയെ കൊണ്ട് പണിയെടുപ്പിക്കും. അതനുസരിച്ച് വൈദ്യുതി ഉപഭോഗവും കൂടിക്കൊണ്ടിരിക്കും. 2030ഓടെ ഡേറ്റ സെന്ററുകളുടെ വൈദ്യുതി ഉപഭോഗം ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. കറന്റിൽ മാത്രം തീരുന്നതല്ല പ്രശ്‌നം. ട്രെൻഡ് കാരണമുള്ള വർക്‌ലോഡിനെ തുടർന്ന് ഡേറ്റ സെന്ററുകളിലെ സംവിധാനങ്ങൾ ചുട്ടുപഴുക്കാതിരിക്കാൻ കൂളിംഗ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. തണുപ്പിക്കാൻ ശുദ്ധജലമാണ് ഉപയോഗിക്കുന്നത്. ഒരു എ.ഐ ചിത്രം നിർമ്മിക്കാൻ 500 മില്ലിലിറ്റർ മുതൽ 3 ലിറ്റർ വരെ ശുദ്ധജലം ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു ട്രെൻഡിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകൾ ഒരേസമയത്ത് ചിത്രങ്ങൾ സൃഷ്ടിക്കുമ്പോൾ അതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം എത്രയെന്ന് ചിന്തിക്കണം.

പരിസ്ഥിതി നിലനിൽക്കേണ്ടത് പ്രധാനം

എ.എ ഡേറ്റ സെന്ററുകളുടെ മുഖ്യഘടകങ്ങളാണ് ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റ് (ജി.പി.യു), സെർവറുകൾ, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ, സെമി കണ്ടക്‌ടറുകൾ തുടങ്ങിയവ. ഇവ നിർമ്മിക്കാൻ ധാതുക്കൾ ആവശ്യമാണ്. 2 കിലോയുള്ള സാധാരണ കമ്പ്യൂട്ടർ നി‌ർമ്മിക്കാൻ തന്നെ നൂറുകണക്കിന് കിലോ അസംസ്‌കൃത വസ്‌തുക്കൾ ആവശ്യമാണ്. ധാതുഖനനം മുതൽ ഇലക്ട്രോണിക് അവശിഷ്‌ടങ്ങൾ വരെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA