SignIn
Kerala Kaumudi Online
Friday, 11 September 2026 2.01 AM IST

മയക്കുമരുന്നു വേട്ടയ്ക്ക് എക്സൈസിന്റെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

narco

തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് കരുത്തുപകരാൻ എക്സൈസിൻ്റെ സ്റ്റേറ്റ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എസ്.എൻ.സി.ബി) അടുത്താഴ്ച പ്രവർത്തനം തുടങ്ങും. ജില്ലതോറും ഓപ്പറേഷൻഇന്റലിജൻസ് യൂണിറ്റുകൾ, സൈബർ ഇൻ്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാവും പ്രവർത്തനം.
ബ്യൂറോ പ്രവർത്തനസജ്ജമാക്കാനുള്ള നിയമനടപടികൾ പൂർത്തിയായതായി എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു അറിയിച്ചു. എസ്.എൻ.സി.ബിയിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ പുനർവിന്യാസം ഉടൻ പൂർത്തിയാക്കും. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ നിലവിലുള്ള എക്‌സൈസ് സംവിധാനത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചാണ് ബ്യൂറോയുടെ പ്രവർത്തനം. 367 തസ്തികകൾ ബ്യൂറോയിലേക്ക് പുനർവിന്യസിക്കും. 22 തസ്തികകളിലുള്ള ഉദ്യോഗസ്ഥർക്ക് അധികചുമതല നൽകും.
എക്‌സൈസിൻ്റെ മറ്റ് പ്രവർത്തനങ്ങൾക്കു പുറമേ, മയക്കുമരുന്ന്കുറ്റകൃത്യങ്ങളുടെ കണ്ടെത്തൽ, അന്വേഷണം, രഹസ്യാന്വേഷണം, സംഘടിതലഹരി ശൃംഖലകളുടെ നിരീക്ഷണം, വിതരണംതടയൽ എന്നിവയിൽ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം.


എഐയും ഡിജിറ്റൽ ഫോറൻസിക്സും


സോഷ്യൽമീഡിയ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ ആശയവിനിമയസംവിധാനങ്ങൾ എന്നിവ വഴി നടക്കുന്ന ലഹരി ഇടപാടുകളും വിതരണശൃംഖലകളും കണ്ടെത്തുന്നതിന് സൈബർ ഇൻ്റലിജൻസിൻ്റെ ശ്രദ്ധയുണ്ടാകും. സൈബർസുരക്ഷ, എതിക്കൽ ഹാക്കിംഗ്, ഡിജിറ്റൽ ഫോറൻസിക്സ്, ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തും.


അന്വേഷണത്തിൽ പിടിച്ചെടുക്കുന്ന മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഡിജിറ്റൽരേഖകൾ തുടങ്ങിയവയിലെ വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനും ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുന്നതിനും പുതിയ സംവിധാനം സഹായിക്കും. മയക്കുമരുന്നുശൃംഖലയുടെ കണ്ണികൾ കണ്ടെത്തുന്നതിന് ഡാറ്റാ അനലിറ്റിക്സും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗപ്പെടുത്തും.

എസ്.എൻ.സി.ബി ഉദ്യോഗസ്ഥർക്ക് പ്രത്യേക യൂണിഫോമുണ്ടാകും. ഇതിനുള്ള നിർദേശം നിയമപരിഷ്‌കരണത്തിനായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA