
കോഴിക്കോട്: ലക്ഷങ്ങൾ മുടക്കി പുരപ്പുറ സോളാർ സംവിധാനം സജ്ജമാക്കിയ അര ലക്ഷത്തോളം പുതിയ അപേക്ഷകർക്ക് കെ.എസ്.ഇ.ബിയിൽ നിന്ന് നെറ്റ് മീറ്റർ കിട്ടുന്നില്ല. വായ്പ എടുത്ത് സോളാർ സ്ഥാപിച്ച് മാസങ്ങളായി കാത്തിരിക്കുകയാണ്.
സ്വന്തമായി നെറ്റ് മീറ്റർ സ്ഥാപിക്കാനാണത്രേ കെ.എസ്.ഇ.ബി നിർദ്ദേശിക്കുന്നത്. ആറായിരം രൂപയോളം മുടക്കി സ്വകാര്യ മീറ്റർ സ്ഥാപിച്ചാൽ അഞ്ച് വർഷമേ വാറന്റിയുള്ളൂ.
തകരാറുണ്ടായാൽ നഷ്ടം കെ.എസ്.ഇ.ബി വഹിക്കില്ല.
അതേസമയം, കെ.എസ്.ഇ.ബിയുടെ നെറ്റ് മീറ്ററിന് പ്രതിമാസം 30 രൂപ വാടക നൽകണമെങ്കിലും ആജീവനാന്ത വാറന്റിയുമുണ്ട്.
കെ.എസ്.ഇ.ബിയുടെ വെെദ്യുതി ഉപയോഗിക്കുന്നതിന്റെയും പദ്ധതിവഴി കെ.എസ്.ഇ.ബിക്ക് നൽകുന്ന വെെദ്യുതിയുടെയും കണക്ക് തിട്ടപ്പെടുത്താനുള്ളതാണ് ബൈ ഡയറക്ഷണൽ അഥവാ നെറ്റ് മീറ്റർ. ഇതുണ്ടെങ്കിലേ സോളാർ പദ്ധതി പ്രവർത്തന സജ്ജമാവൂ.
സോളാറിൽ നിന്ന് കെ.എസ്.ഇ.ബിക്ക് നൽകിയ അധികവെെദ്യുതിക്ക് 2025 മാർച്ച് 31 വരെ യൂണിറ്റിന് 3.26രൂപയാണ് നൽകിയത്. പുതിയ നിരക്ക് തീരുമാനിച്ചിട്ടില്ല.
കേന്ദ്രസർക്കാരിന്റെ പി.എം സൂര്യഘർ പദ്ധതി പ്രകാരം സോളാർ സ്ഥാപിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് 78,000 രൂപ സബ്‌സിഡിയുണ്ട്. വരുന്ന മാർച്ചിൽ ഇത് അവസാനിക്കുമെന്നാണ് വിവരം.
ഓർഡർ ചെയ്തിട്ടുണ്ട്,
കാത്തിരിക്കണം
82,000 സിംഗിൾ ഫേസ് നെറ്റ് മീറ്ററുകളും 21,000 ത്രീ ഫേസ് നെറ്റ് മീറ്ററുകളും കെ.എസ്.ഇ.ബി ഓർഡർ ചെയ്തിട്ടുണ്ട്. നിർമ്മാണ കമ്പനിയിലെത്തി ഗുണനിലവാരം പരിശോധിച്ചേ വാങ്ങൂ. ഇതിന് ഒരു മാസമെങ്കിലുമെടുക്കും.പുതുതായി നടപ്പാക്കുന്ന സ്മാർട്ട് മീറ്ററുകൾ നൽകുമ്പോൾ നെറ്റ് മീറ്റർ മാറ്റണം.
സോളാർ പദ്ധതിപ്രകാരം കെ.എസ്.ഇ.ബിക്ക് നൽകുന്ന വെെദ്യുതിക്ക് റെഗുലേറ്ററി കമ്മിഷൻ പുതിയ നിരക്ക് തീരുമാനിക്കണം.
-ജെയിംസ് കുട്ടി തോമസ്,
കേരള ഡൊമസ്റ്റിക് സോളാർ പ്രൊസ്യൂമേഴ്സ് കമ്മ്യൂണിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |