SignIn
Kerala Kaumudi Online
Saturday, 19 September 2026 1.36 AM IST

മദ്യക്കേസ്: ആന്റോ ജയിലിൽ തുടരും, ജാമ്യാപേക്ഷ ബത്തേരി കോടതി തള്ളി

anto-augustine

കൊച്ചി: അബ്കാരി കേസിൽ റിമാൻഡിലായ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ഇന്നലെ സുൽത്താൻ ബത്തേരി മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് വാദത്തിനായി ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മദ്യം പിടിച്ചെടുത്ത വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ കോടതി സർക്കാരിനോടും ഹർജിക്കാരനോടും നിർദ്ദേശിച്ചു.

വിദേശമദ്യവും വൈനും കണ്ടെത്തിയ മുട്ടിൽ സൗത്ത് വില്ലേജിലെ കെട്ടിടം തന്റേതല്ലെന്നാണ് ഹർജിക്കാരന്റെ വാദം. ബാങ്ക്‌വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ഈ വസ്തു ലേലംചെയ്തിരുന്നു. ലില്ലി ജോസ് എന്ന വ്യക്തിയാണ് അന്ന് ലേലത്തിൽ പിടിച്ചത്. നാലുവർഷംമുമ്പ് കൈമാറിയ കെട്ടിടത്തിൽ നടന്ന കാര്യങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്ന് ഹർജിയിൽ പറയുന്നു.

ഉടമസ്ഥാവകാശം തെളിയിക്കാൻ കെട്ടിടനികുതിയടച്ച രേഖയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. പിടിച്ചെടുത്ത മദ്യം വില്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് തെളിയിക്കാൻ രേഖകളില്ലെന്നും അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശംവയ്ക്കുന്നത് ജാമ്യംലഭിക്കാവുന്ന കുറ്റമാണെന്നും ഹർജിക്കാരൻ വാദിച്ചു. സർക്കാരിനായി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസഫലി ജാമ്യഹർജിയെ ശക്തമായി എതിർത്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം സമർപ്പിച്ച അപേക്ഷ ബത്തേരി വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്ന കാര്യവും ചൂണ്ടിക്കാട്ടി. തുടർന്നാണ് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTO AUGUSTINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA