
കൊല്ലം: സമുദായത്തിലെ ഭിന്നത കാരണം അർഹമായ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പരിരക്ഷ നഷ്ടമാവുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം റീജിയണിലെ ഔദ്യോഗിക പാനലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശ്രീനാരായണ ധ്യാനമന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തിലെ ഭിന്നത കാരണമാണ് അധികാര കേന്ദ്രങ്ങളിലും രാഷട്രീയ പാർട്ടികളിലും അർഹമായ പ്രാതിനിദ്ധ്യം ലഭിക്കാത്തത്. ചെറിയൊരു ന്യൂനപക്ഷം യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളിൽ കേസ് നൽകി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും പ്രവർത്തനം തടസപ്പെടുത്തുന്നു. കേസ് നടത്താനെന്ന പേരിൽ ഇവർ പണപ്പിരിവ് നടത്തുന്നു. പിരിച്ച പണത്തെ ചൊല്ലിയും പരസ്പരം കേസ് കൊടുക്കുന്നു. 1996ൽ ചുമതലയേൽക്കുമ്പോൾ 6.23 കോടിയായിരുന്നു ട്രസ്റ്റിന്റെ ആസ്തി. ഇപ്പോഴത് 146.21 കോടിയായി. 2,245 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ജനറൽ സെക്രട്ടറിയായ 96ൽ 78.62 ലക്ഷമായിരുന്നു യോഗത്തിന്റെ ആസ്തി. 2026ൽ ആസ്തി 339.21 കോടിയായി. കേസുകൾ നൽകി പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ വലിയ മുന്നേറ്റമുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക പാനലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസ് വെള്ളാപ്പള്ളി പ്രകാശനം ചെയ്തു. യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എം.എൽ.എ, സെക്രട്ടറി വിജയകുമാർ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ.എസ്.അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |