SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.13 AM IST

ഗവ. കോളേജുകൾക്കായി കണ്ടെത്തേണ്ടത് 80 കോടി,​ നാലാം വർഷ ബിരുദക്കാർക്കായി ക്ലാസ് മുറികൾ വാടകയ്ക്കെടുക്കാം

college

തിരുവനന്തപുരം: നാലുവർഷ ബിരുദകോഴ്സിന്റെ നാലാംവർഷം അടുത്ത ജൂണിൽ ആരംഭിക്കുമ്പോൾ ക്ലാസ് മുറികളൊരുക്കാൻ സർക്കാർ കണ്ടെത്തേണ്ടത് 80കോടി രൂപ. 78സർക്കാർ കോളേജുകളിൽ ശരാശരി 8ക്ലാസ് മുറികൾ വീതം നിർമ്മിക്കണം. ജൂണിന് മുൻപ് നിർമ്മാണം അസാദ്ധ്യമായതിനാൽ മറ്റ് കോളേജുകളിലെ ക്ലാസ്‌മുറികൾ വാടകയ്ക്കെടുക്കാൻ അനുമതി നൽകിയേക്കും. നാലാംവർഷത്തെ ക്ളാസുകൾ മറ്റൊരു കോളേജിന്റെ ക്യാമ്പസിലേക്കോ മറ്റേതെങ്കിലും കെട്ടിടത്തിലേക്കോ മാറ്റുന്നതാണ് പരിഗണനയിൽ.നാലാം വർഷത്തിൽ കുട്ടികളുടെ എണ്ണം കുറവായാലും ക്ലാസ് മുറികളുടെ എണ്ണം കുറയ്ക്കാനാവില്ല. നിലവിലെ ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങൾ നാലാംവർഷക്കാർക്ക് ഉപയോഗിക്കാം.

എയ്ഡഡ്, സ്വാശ്രയ മേഖലയിലെ 900കോളേജുകളിലും സ്ഥിതി രൂക്ഷമാണ്. അവർ സ്വന്തം ഫണ്ടുപയോഗിച്ച് ക്ലാസ്‌മുറികൾ നിർമ്മിക്കണം. ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ ക്ലാസ് നടത്തുന്നതും പരിഗണനയിലാണ്. ഭൂമിയുള്ള കോളേജുകളിൽ താത്കാലിക ക്ലാസ്‌മുറികളൊരുക്കാൻ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയിലെ നിർമ്മാണവും അനുവദിക്കും.എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ ഒരേ മാനേജ്മെന്റിന്റെ മറ്റ് കോളേജുകളിലേക്ക് നാലാംവർഷ ക്ലാസുകൾ മാറ്റാനും അനുവദിച്ചേക്കും. മൂന്നാംവർഷം 75 % മാർക്കോടെ വിജയിക്കുന്നവർക്കാണ് നാലാംവർഷം ഓണേഴ്സ് വിത്ത് റിസർച്ചിന് ചേരാനാവുക.

സിലബസും പുതുക്കും

നാലാം വർഷത്തെ പാഠ്യപദ്ധതിയിൽ വരുത്തേണ്ട മാറ്റങ്ങൾ കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകളോട് ഉന്നതവിദ്യാഭ്യാസകൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്. ആറുമാസത്തിനകം പരിഷ്കരണമുണ്ടാവും.

തൊഴിൽമേഖലയ്ക്ക് അനുയോജ്യമായ രീതിയിലാവും നാലുവർഷബിരുദ സിലബസ് പരിഷ്കരണം. ഭാഷയിലും തൊഴിലിലും നൈപുണ്യം ലഭിക്കും. കോഴ്സുകളുടെ ഘടനയും സിലബസും പരിഷ്കരിക്കാൻ യു.ജി.സിയും നിർദ്ദേശിച്ചിരുന്നു.

''പ്രതിസന്ധി മറികടക്കാൻ ക്ലാസ്‌മുറികൾ വാടകയ്ക്കെടുക്കൽ, മറ്റ് ക്യാമ്പസുകളിലേക്ക് മാറ്റൽ, ഷിഫ്‌റ്റ് സമ്പ്രദായം എന്നിവയെല്ലാം പരിഗണനയിലുണ്ട് ""

-ഡോ.അച്യുത് ശങ്കർ എസ്.നായർ

ഉപാദ്ധ്യക്ഷൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEGREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA