
തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്റ്റേഷനിൽ പൊലീസിനൊപ്പം ചെണ്ടകൊട്ടി ഓണം ആഘോഷിച്ചു. പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സ്‌പെഷ്യൽബ്രാഞ്ച് അസി. കമ്മിഷണർ സുരേഷ് ബാബു അന്വേഷണം തുടങ്ങി. എ.ഡി.ജി.പി പി.വിജയന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം.
പ്രതികളിലൊരാളും സി.പി.എം മുൻ കൗൺസിലറുമായ ഐ.പി. ബിനു സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടുന്നത് ചിത്രീകരിച്ച് സാമൂഹിക മാദ്ധ്യമത്തിലിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസുകാർ ധരിച്ച നീല ഷർട്ടും മുണ്ടുമായിരുന്നു പ്രതികൾക്കും. മ്യൂസിയം എസ്.എച്ച്.ഒയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ആർ.പ്രശാന്തിന്റെ ക്ഷണപ്രകാരമാണ് പ്രതികൾ ആഘോഷത്തിനെത്തിയതെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പാറാവ്, ജി.ഡി ചുമതലയുള്ള പൊലീസുകാരുടെ വീഴ്ചയെന്നാണ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മൊഴി. പ്രതികളിൽ ചിലരെ ഫോണിൽ ക്ഷണിച്ചെന്നാണ് സൂചന. ഫോൺവിളി ഉൾപ്പെടെ പൊലീസ് പരിശോധിക്കും. ചട്ടലംഘനമുണ്ടെങ്കിൽ പൊലീസുകാർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ നടപടികളുണ്ടായേക്കും.
ഇന്നലെ രാവിലെയായിരുന്നു മ്യൂസിയം സ്റ്റേഷനിലെ ഓണാഘോഷം. സ്റ്റേഷന് മുന്നിലെ പൂക്കളത്തിന് മുന്നിൽ ഇരുപതോളം പ്രതികൾ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഊഞ്ഞാലിൽ പൂമാല കെട്ടി ബിനു ഉൾപ്പെടെ ആടി. പ്രതികൾ ആവേശത്തോടെ ചെണ്ട കൊട്ടി. 70 ദിവസത്തിലേറെ ജയിലിലായിരുന്ന ഇവർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാനെത്തിയെന്നാണ് വിശദീകരണം. വിവാദമാകുമെന്ന് ഭയന്ന് സദ്യ കഴിക്കാതെ പ്രതികളിൽ പലരും മടങ്ങി. അതേസമയം യാദൃച്ഛിമായാണ് നീല ഷർട്ട് ധരിച്ചതെന്നാണ് ഐ.പി. ബിനുവിന്റെ വിശദീകരണം.
നാലു ജോഡി വസ്ത്രം
അധികം വാങ്ങി
പാളയത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയിൽ നിന്നാണ് ഓണക്കോടി വാങ്ങിയത്. സ്റ്റേഷനിലെ പൊലീസുകാരുടെ എണ്ണത്തേക്കാൾ നാലെണ്ണം അധികമായി വാങ്ങിയെന്നും കണ്ടെത്തി. ഓണക്കോടി ഒരാൾ സമ്മാനമായി നൽകിയെന്നാണ് പ്രതികളിലൊരാൾ സ്‌പെഷ്യൽ ബ്രാഞ്ചിന് നൽകിയ മൊഴി.
വിവാദവഴിയിൽ എസ്.എച്ച്.ഒ
1. ഇ.ഡി ആക്രമണക്കേസിൽ പ്രതികളെ പിടികൂടുന്നതിലടക്കം കളിച്ചു
2. വിവാദങ്ങളെത്തുടർന്ന് തൃശൂർ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം
3. അവിടെ ചുമതലയേൽക്കാനിരിക്കെയാണ് പുതിയ വിവാദം
എസ്.എച്ച്.ഒയാണ് ക്രിമിനൽ കേസിലെ പ്രതികൾക്ക് ഓണക്കോടി വാങ്ങി നൽകിയത്. സ്റ്റേഷനുകളെ ക്രിമിനൽ സംഘങ്ങളുടെ ആഘോഷവേദികളാക്കി മാറ്റരുത്
അനൂപ് ആന്റണി, ബി.ജെ.പി
സംസ്ഥാന ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |