SignIn
Kerala Kaumudi Online
Thursday, 29 October 2026 1.03 AM IST

പ്രതിപക്ഷത്തിന് ബി.ജെ.പിയുടെ മറുപടി '2029ലും ചെങ്കോട്ടയിൽ മോദി പതാക ഉയർത്തും"

READ ENGLISH VERSION
s

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധം ചെറുക്കാനുള്ള ബി.ജെ.പിയുടെ രാജ്യവ്യാപക പദയാത്രയ്ക്ക് ഡൽഹിയിൽ തുടക്കം. പദയാത്ര ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ഉദ്ഘാടനം ചെയ്‌തു. 'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക" എന്ന മുദ്രാവാക്യവുമായാണ് പദയാത്ര നടത്തുന്നത്.

2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുമെന്ന് നിതിൻ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ജനാധിപത്യം സുരക്ഷിതമാണ്. ഭരണഘടനയുടെ മൂല്യങ്ങളെ മാനിക്കാതെ അതിന്റെ പകർപ്പുമായി നടക്കുന്നയാളാണ് രാഹുൽ ഗാന്ധി.

ഒരു കുടുംബത്തിന്റെ താത്പര്യം രാജ്യത്തിന്റെ നിയമമാക്കാനാണ് കോൺഗ്രസ് ശ്രമം. അടിയന്തരാവസ്ഥയിലൂടെ തകർക്കാൻ ശ്രമിച്ചിട്ടും ഇന്ത്യൻ ജനാധിപത്യത്തിന്റെ വേരിളകിയില്ല. തിരഞ്ഞെടുപ്പുകളിലൂടെ ഇത്തരം രാഷ്ട്രീയ പ്രവണതകളെ ജനം തിരുത്തുന്നുണ്ട്.

വോട്ടർപട്ടികയിൽ ഒരേ പേരുകൾ ആവർത്തിക്കുന്നുണ്ട്. പലരെയും കണ്ടെത്താനാകുന്നില്ല. ഇത്തരം ക്രമക്കേടുകൾ നിലനിറുത്താനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. രാജ്യത്ത് അരാജകത്വം വളർത്തി നുഴഞ്ഞുകയറ്റക്കാർക്ക് രാഹുൽ അവസരമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 ജനങ്ങൾക്ക് മോദിയിൽ വിശ്വാസം: രേഖ ഗുപ്ത

കേന്ദ്രസർക്കാരിലും മോദിയുടെ നേതൃത്വത്തിലും ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ആർക്ക് വോട്ടിട്ടെന്നും ആര് വിജയിച്ചെന്നും ജനങ്ങൾ വ്യക്തമായി അറിയാം. ചെങ്കോട്ടയ്ക്കു സമീപമുള്ള ശ്രീ ജെയിൻ ലാൽ മന്ദിറിൽനിന്ന് ആരംഭിച്ച പദയാത്ര ചാന്ദ്നി ചൗക്കിലെ ടൗൺ ഹാൾ ചൗക്കിൽ സമാപിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഹർഷ് മൽഹോത്ര, മന്ത്രി പർവേഷ് വർമ്മ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാ സഖ്യം റാലി നടത്താനിരിക്കെയാണ് ബി.ജെ.പി പദയാത്രാ പ്രചാരണത്തിന് ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പദയാത്രകൾ സംഘടിപ്പിക്കും. നവംബർ ഒന്നിന് ലക്‌നൗവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നവംബർ രണ്ടിന് തെലങ്കാനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പദയാത്ര നയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA