
തിരുവനന്തപുരം: പൊലീസിൽ സബ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച ബോഡി ബിൽഡിംഗ് താരം ഷിനു ചൊവ്വയുടെ പരിശീലനം നീട്ടിവയ്ക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചു. നിയമനത്തിൽ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാനും ഡി.ജി.പി റവാഡ ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടു.
അനർഹർക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് നിലപാടെന്നും ഡി.ജി.പിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം അന്തിമതീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. തൃശൂരിലെ പൊലീസ് അക്കാഡമിയിലായിരുന്നു ഒരു വർഷത്തെ പരിശീലനം. അനർഹർക്ക് നിയമനം നൽകിയതായി ആഭ്യന്തരമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.
ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വ കായിക ക്ഷമതാ പരീക്ഷയിൽ ആദ്യം തോറ്റിരുന്നു. എന്നാൽ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ ശുപാർശയിൽ വീണ്ടും പരീക്ഷ നടത്തുകയായിരുന്നു. നിലവിലെ ചട്ടങ്ങൾ ഇളവു ചെയ്ത് നിയമിക്കാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചു.
പുരുഷ ശരീരസൗന്ദര്യ മത്സരം ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ ഇനമല്ല. സ്‌പോർട്സ് ക്വോട്ട നിയമനത്തിന് ബോഡി ബിൽഡിംഗ് ഇതുവരെ പരിഗണിച്ചിട്ടുമില്ല. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകൾ നേടിയവർ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴായിരുന്നു 'വേണ്ടപ്പെട്ടവർക്കായി"വഴിവിട്ട നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |