SignIn
Kerala Kaumudi Online
Saturday, 20 June 2026 3.28 AM IST

കുട്ടികളുടെ വിദേശ ഒഴുക്ക് തടയാൻ 'വിജ്ഞാന താഴ്‌വര', വയനാട്ടിൽ ട്രൈബൽ സർവകലാശാല

READ ENGLISH VERSION
college

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കുമുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ ലോകനിലവാരത്തിലുള്ള 'വിജ്ഞാന താഴ്വര' (കേരള നോളഡ്ജ് വാലി) യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം. ലോകത്തെയും രാജ്യത്തെയും സർവകലാശാലകളെ കേരളത്തിലെത്തിക്കാൻ നിയമനിർമ്മാണം നടത്തും. നൂതന കോഴ്സുകൾ, മികച്ച ഗവേഷണ പാർക്കുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവയടങ്ങിയ ലോകോത്തര ഉന്നതവിദ്യാഭ്യാസ കേന്ദ്രമായിരിക്കും 'വിജ്ഞാന താഴ്‌വര'.

ഉയർന്ന അക്കാഡമിക് മികവും ശാസ്ത്രവൈദഗ്ദ്ധ്യവുമുള്ള ഉപദേശകസമിതിയെ ഇതിനായി നിയോഗിക്കും. രാജ്യത്തെയും വിദേശത്തെയും മുൻനിര സ്ഥാപനങ്ങളുമായി ചേർന്ന് വ്യവസായ-അക്കാഡമിക് ബന്ധമുണ്ടാക്കും. ഏഷ്യയുടെ ബൗദ്ധിക തലസ്ഥാനമായി മാറാനുള്ള ഊർജ്ജസ്വലവും സ്വയംപര്യാപ്തവുമായ പശ്ചാത്തലം സൃഷ്ടിക്കും. പദ്ധതിക്ക് 100കോടിയാണ് വകയിരുത്തിയത്. വയനാട്ടിൽ ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാനമേഖലയും തുടങ്ങാൻ 50കോടിയുമുണ്ട്.

സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതി തിരിച്ചയച്ചാൽ അതിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനും നീക്കമുണ്ട്. മെഡിക്കൽ, എൻജിനിയറിംഗ്, നിയമം, ഫാർമസി, പാരാമെഡിക്കൽ എന്നിങ്ങനെ വിവിധ പഠനശാഖകളുള്ള ഒരു ഡസനിലേറെ മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളാണ് തുടങ്ങാനിരുന്നത്. യു.ജി.സിയും കേന്ദ്രസർക്കാരും സ്വകാര്യ സർവകലാശാലകൾക്ക് അനുകൂലമായതിനാൽ ഭേദഗതി വരുത്തിയാൽ ബില്ലിന് അനുമതി കിട്ടിയേക്കും.

വിദേശ സർവകലാശാലയ്ക്ക് പച്ചക്കൊടി

വിദേശ സർവകലാശാലാ ക്യാമ്പസുകൾക്ക് ബഡ്ജറ്റിൽ അനുകൂല പ്രഖ്യാപനമാണ്. നിലവിലുള്ള മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകളുമായി ചേർന്ന് വിദേശ യൂണിവേഴ്സിറ്റികൾക്ക് ക്യാമ്പസുകൾ തുടങ്ങാം

വിദേശ സർവകലാശാല ക്യാമ്പസിന് യു.ജി.സിയുടെ അനുമതി കിട്ടാൻ സംസ്ഥാനത്തിന്റെ എൻ.ഒ.സി പോലും ആവശ്യമില്ല. വിദേശ കോഴ്സുകൾ ഇവിടെ കുറഞ്ഞ ചെലവിൽ പഠിക്കാം. സമർത്ഥർക്ക് ഫീസിളവും സ്കോളർഷിപ്പും ലഭിക്കും

78 രാജ്യങ്ങളിൽ

ഉപരിപഠനത്തിലുള്ളത് 13.2ലക്ഷംപേർ.

ഇതിൽ 4%മലയാളികൾ

40,000 മലയാളികൾ

പ്രതിവർഷം വിദേശപഠനത്തിന് പോകുന്നു

2.48 ലക്ഷം കോടി

വിദേശത്തെ പഠനത്തിനായി

ഇന്ത്യക്കാർ ചെലവിടുന്നത്

''ആഗോളനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നാലേ രക്ഷയുള്ളൂ. ആഗോളസംവിധാനത്തിലേക്ക് എല്ലാവരും മാറുമ്പോൾ എല്ലാംഅടച്ച് വേലികെട്ടിയാൽ കുട്ടികൾ വിദേശത്തേക്കൊഴുകും

-റോജി.എം.ജോൺ

ഉന്നത വിദ്യാഭ്യാസമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA