തിരുവനന്തപുരം:കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ കാലതാമസം വരുമെന്ന് ഉറപ്പായതോടെ, പ്രതിപക്ഷ നേതാവ് പിണറായിവിജയൻ പുതിയ വാടക വീട്ടിലേക്ക് മാറുന്നു. ഇപ്പോൾ താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ നിന്നും ഇടപ്പഴഞ്ഞിയിലെ വാടകവീട്ടിലേക്കാണ് മാറുന്നത്. കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷനേതാവിന്റെ ഓഫീസാക്കാനാണ് ആലോചന.
ഇടപ്പഴഞ്ഞിയിൽ നിന്ന് ജഗതിയിലേക്കുളള വഴിയിൽ ജഗതിസ്കൂളിന് സമീപം ഈശ്വരവിലാസം റോഡിലെ 138-ാംനമ്പർ വീട്ടിലേക്കാണ് മാറുന്നത്. ഇവിടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.
പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ബേക്കറിജംഗ്ഷനിലെ വാടകവീട്ടിലേക്ക് മാറിയത്. അറ്റകുറ്റപ്പണികൾ എങ്ങുമെത്തിയില്ല. നവീകരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ വൻതീപിടിത്തത്തിൽ മുറികളടക്കം നശിക്കുകയും ചെയ്തു. കന്റോൺമെന്റ് ഹൗസ് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനൊപ്പം പ്രതിപക്ഷനേതാവ് കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.
നവീകരണം പൂർത്തിയാക്കണമെങ്കിൽ മാസങ്ങളെടുത്തേക്കും. നിലവിലുള്ള വീട്ടിലെ അസൗകര്യങ്ങളാണ് പുതിയവീട്ടിലേക്ക് താമസം മാറ്റാൻ കാരണം. ഒരുമാസത്തേക്കുള്ള ക്രമീകരണങ്ങളാണ് ഈ വീട്ടിലുണ്ടായിരുന്നത്. മലിനജലം ഒഴുക്കിവിടാനുള്ള സൗകര്യകുറവുണ്ടായിരുന്നു.
ഇടപ്പഴഞ്ഞിയിലെ വീടിന്റെ ചുറ്റുമതിലിൽ ഒരെണ്ണത്തിന് ഉയരം കുറവാണ്. ഉയരം കൂട്ടുന്നതിനുള്ള ജോലികളാണ് നടക്കുന്നത്. റോഡിനോട് ചേർന്നാണ്,ഡോക്ടറുടെ ഉടമസ്ഥതയിലുള്ള പുതിയ വീട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതിപക്ഷനേതാവും കുടുംബവും മാറിയേക്കും. കന്റോൺമെന്റ് ഹൗസ് സജ്ജമായാലും താമസം ഇടപ്പഴഞ്ഞിയിലെ വാടകവീട്ടിൽ തുടർന്നേക്കും. എക്സാലോജിക് കേസിൽ ഇ.ഡി.ഉദ്യോഗസ്ഥർ പിണറായിയുടെ മകൾ വീണ ടി.യുടെ മൊഴിയെടുക്കാനെത്തിയതും തിരികെപോകുമ്പോൾ സംഘർഷമുണ്ടായതും ചോദ്യംചെയ്യാൻ നോട്ടീസ് പതിപ്പിച്ചതുമെല്ലാം ബേക്കറിജംഗ്ഷനിലെ വീട്ടിലാണ്.
Opposition Leader Pinarayi Vijayan is relocating to a new rented house on Eeswaravilasam Road in Jagathy, Thiruvananthapuram. This move follows extensive delays in the renovation of his official residence, Cantonment House, which suffered fire damage. The Cantonment House is now being considered for conversion into the Opposition Leader's office. Vijayan and his family are expected to move into the new premises within days.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |