തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ്- സ്വാശ്രയ സ്വയംഭരണ കോളേജുകലിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും സീറ്റ് വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതിയും നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റും ഒഴിവാക്കിയ നടപടിയിൽ ഉറച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ. അക്കാഡമിക് സ്വയംഭരണവും പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിലെ കാലതാമസവും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സ്വാശ്രയ കോഴ്‌സുകൾ തുടങ്ങുന്നതിന് മറ്റ് സംസ്ഥാനങ്ങളിലൊന്നും നിലവിലില്ലാത്ത എൻ.ഒ.സി നിബന്ധന കേരളത്തിൽ മാത്രമാണ് ഉണ്ടായിരുന്നത്. എൻ.ഒ.സി സമ്പ്രദായം മാറ്റുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണ കോളേജുകൾക്ക് വാരിക്കോരി ഇളവുകൾ നൽകിയെന്ന പ്രതിപക്ഷ ആരോപണം വസ്തുതാ വിരുദ്ധമെന്നും മന്ത്രി തിരിച്ചടിച്ചു. വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് മുൻഗണനയെന്നും സംവരണത്തിലോ മെരിറ്റ് മാനദണ്ഡങ്ങളിലോ യാതൊരു അട്ടിമറിയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ കോളേജുകൾക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്നും മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കാണ് സ്വയംഭരണ പദവി അനുവദിച്ചിട്ടുള്ളത്. 2014ലും 2021ലും നിയമസഭ പാസാക്കിയ യൂണിവേഴ്‌സിറ്റി ആക്ടുകളിലെ എൻ.ഒ.സി സംബന്ധിച്ച വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഷയം പഠിക്കാതെയാണ് സംസാരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം സർക്കരിന്റെ തീരുമാനം സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കാനാണെന്നും ഇതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. പുതിയ വ്യവസ്ഥ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരത്തെ തകർക്കുമെന്നും അദ്ദേഹം വിമർശിച്ചു. ഉത്തരവിന് എതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |