കൊച്ചി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന് അധികാരം നഷ്ടമാകുമെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്രത്തിലെ ഭരണമാറ്റത്തിനായി ജനങ്ങൾ തയ്യാറെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഐആറിനെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പുകളിലൂടെ മാത്രമെ ഭരണമാറ്റം സാദ്ധ്യമാകൂ എന്ന് ചൂണ്ടിക്കാണിച്ച ദീപ്കെ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് സംവിധാനം രാജ്യത്ത് വേണമെന്നും ആവശ്യപ്പെട്ടു. സിജെപിയുടെ 'ജന്തർ മന്ദർ കൊച്ചിയിൽ' കാമ്പെയ്‌ന്റെ ഭാഗമായാണ് കൊച്ചി രാജേന്ദ്ര മൈതാനിയിൽ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാൻ വേണ്ടി എൻഡിഎ സർക്കാർ രാജ്യത്തെ യുവാക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്തുകൊണ്ടാണ് ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാരിന് ഇത്രയധികം പ്രധാനപ്പെട്ടവനായതെന്നും അദ്ദേഹം ചോദിച്ചു. ഡൽഹി ജന്തർ മന്ദറിൽ ദേശീയ പതാകയുമായി പ്രവേശിച്ചതിന് തന്നെയും മറ്റ് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയും അറസ്റ്റുചെയ്തത് ചൂണ്ടിക്കാട്ടിയ ദീപ്കെ എവിടെപ്പോയാലും താൻ ദേശീയ പതാക ഉയർത്തുന്നത് തുടരുമെന്ന് കൂട്ടിച്ചേർത്തു.
"ഈ ദേശീയ പതാക ഉയർത്തിയതിനാണ് എന്നെയും എന്റെ സഹോദരങ്ങളായ സൗരവിനെയും അഷുതോഷിനെയും ജയിലിലടച്ചത്. ഇതിന് മുൻപ് ഇന്ത്യയിൽ ഇങ്ങനെയൊന്ന് സംഭവിച്ചത് ബ്രിട്ടീഷ് ഭരണകാലത്താണ്'- അദ്ദേഹം പറഞ്ഞു. ഡൽഹിയിലോ മഹാരാഷ്ട്രയിലോ കേരളത്തിലോ തമിഴ്‌നാട്ടിലോ എവിടെവച്ച് വേണമെങ്കിലും തന്നെ അറസ്റ്റുചെയ്യാമെന്നും എന്നാൽ രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും താൻ വീണ്ടും ദേശീയ പതാക ഉയർത്തുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ജനങ്ങളുടെ ഭക്ഷണത്തിലും വിവാഹത്തിലും മാത്രമല്ല ആർക്ക് വോട്ട് ചെയ്യണം എന്നതിലുൾപ്പെടെ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ദീപ്കെ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനാണ് എസ്ഐആർ ഉപയോഗിക്കുന്നത്.
കഴിഞ്ഞ 10-12 വർഷമായി രാജ്യം വലിയ തോതിൽ നിശ്ശബ്ദത പാലിക്കുകയായിരുന്നുവെന്നും എന്നാൽ ജന്തർ മന്ദർ പ്രതിഷേധം ജനങ്ങൾക്ക് വീണ്ടും ശബ്ദവും ധൈര്യവും നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Abhijeet Dipke, founder of the Cockroach Janata Party (CJP), has claimed that the BJP-led NDA government will lose power in the 2029 Lok Sabha elections. Speaking at a protest meeting in Kochi against SIR and demanding the resignation of Chief Election Commissioner Gyanesh Kumar, he urged people to prepare for a change in the central government.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |