വള്ളികുന്നം: കൃഷിയ്ക്കും മനുഷ്യജീവനും കാട്ടുപന്നി ഭീഷണിയായിട്ടും അവയെ തുരത്താനോ വെടിവച്ചുകൊല്ലാനോ തയ്യാറാകാതെ കണ്ണുംപൂട്ടിയിരിക്കുന്ന വള്ളികുന്നം പഞ്ചായത്തിന്റെ നടപടിയിൽ കർഷക രോഷം അണപൊട്ടുന്നു. വള്ളികുന്നം കടുവിനാൽ വാർഡിലെ കർഷകനായ സുന്ദരന്റെ ചീരകൃഷി പന്നികുത്തി പൂർണമായും നശിപ്പിച്ചതിന്റെ വീഡിയോയും കർഷകന്റെ നിസഹായത നിറഞ്ഞ വാക്കുകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതാണ് പഞ്ചായത്ത് ഭരണസമിതിയ്ക്കും കൃഷി വകുപ്പിനുമെതിരായ പ്രതിഷേധം ശക്തമാക്കിയത്.
മാസങ്ങളായി വള്ളികുന്നം പഞ്ചായത്തുടനീളം കാട്ടുപന്നികളുടെ താവളമാണ്. പരമ്പരാഗതമായി കൃഷി ചെയ്ത് ഉപജീവനം നടത്തിവരുന്ന നൂറ് കണക്കിന് കർഷകർ പന്നിശല്യം കാരണം കൃഷി നിർത്തുകയും കൂലിപ്പണിയ്ക്ക് പോലും നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലാണ്. ചീനി, വാഴ, ചേമ്പ്, പച്ചക്കറികൾ, വെറ്റില എന്നിവയെല്ലാം രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കുത്തിയിളക്കി നശിപ്പിക്കുന്നത് കർഷകർക്ക് ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകൾക്കാണ് ഇടയാക്കുന്നത്. വട്ടിപലിശയ്ക്ക് പണമെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന കർഷകർ മുടക്കുമുതൽ പോലും തിരിച്ചുകിട്ടാതെ കൃഷി അവസാനിപ്പിച്ചിരിക്കുകയാണ്. പന്നിശല്യത്താൽ ആളുകൾ കൃഷി നിർത്തിയതിനാൽ വിപണികളിൽ ജൈവപച്ചക്കറികളും നാടൻ ഉൽപ്പന്നങ്ങളും കിട്ടാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങളെത്തിയതെങ്കിലും കാട്ടുപന്നിയെ തുരത്തി കർഷകരെ സഹായിക്കാൻ പഞ്ചായത്ത് ഭരണ സമിതിയോ കൃഷി വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കാട്ടുപന്നി പ്രതിരോധ നടപടികൾക്കായി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ മൂന്നുമാസം മുമ്പ് കർഷകരുടെ യോഗം വിളിക്കുകയും കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ വെട്ടിത്തെളിക്കണമെന്ന് നിർദേശിച്ചതുമല്ലാതെ പിന്നീട് യാതൊരുനടപടിയും കൈക്കൊണ്ടില്ല. മുമ്പ് കാട്ടുപന്നി ആക്രമണത്തിൽ അരഡസനിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾക്കിടയാക്കുകയും ചെയ്തതിനാൽ അന്നത്തെ പഞ്ചായത്ത് ഭരണ സമിതി ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനും മറ്റും നടപടി സ്വീകരിച്ചിരുന്നു.
പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷം കാട്ടുപന്നിയെ തുരത്താൻ യാതൊരു നടപടിയും ഉണ്ടാകാത്തതാണ് പന്നി ശല്യം പെരുകാനും ജനങ്ങളുടെ ജീവനും കൃഷിയ്ക്കും ഭീഷണിയാകാനും കാരണമായത്. നിലവിലെ സാഹചര്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കാട്ടുപന്നികൾ പെറ്റുപെരുകിയിരിക്കുകയാണ്. സന്ധ്യമയങ്ങുമ്പോൾ ഒറ്റയ്ക്കും കൂട്ടായുമെത്തുന്ന ഇവ കൃഷിയിടങ്ങളിലും വീടുകളുടെ പരിസരങ്ങളിലും തമ്പടിച്ചാണ് വിളകൾ നശിപ്പിക്കുന്നത്. അക്രമകാരികളായതിനാൽ ഇവയെ തുരത്താനുമാകില്ല. പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ യാതൊരു നടപടിയ്ക്കും തയ്യാറാകാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടറോ സർക്കാരോ ഇടപെടുന്നതിനാവശ്യമായ നടപടികൾ ആലോചിക്കാനാണ് കർഷകരുടെ തീരുമാനം.
കൃഷിയിടത്തിൽ കഴിഞ്ഞരാത്രി കാട്ടുപന്നിക്കൂട്ടം കുത്തിമറിച്ച ചീരകളുടെ ദൃശ്യങ്ങൾ സഹിതം സമൂഹമാദ്ധ്യമത്തിൽ സുന്ദരനെന്ന കർഷകൻ പോസ്റ്റ് ചെയ്ത വീഡിയോ കർഷക ഗ്രൂപ്പുകളിലുൾപ്പെടെ വൈറലായതോടെ പഞ്ചായത്ത് ഭരണ സമിതി എയറിലായി.വീഡിയോ കണ്ട കർഷകരും നാട്ടുകാരും പഞ്ചായത്തിനും കൃഷി വകുപ്പിനുമെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.
' എന്തിനാണ് നിങ്ങളൊക്കെ ജനപ്രതിനിധികളായിരിക്കുന്നത്. മൂന്നുമാസം മുമ്പ് വിശാലമായ കമ്മിറ്റികൂടിപോയിട്ട് എന്താക്ഷനാണ് എടുത്തത്. ഒറ്റരാത്രികൊണ്ട് 15,000 രൂപയുടെ ചീരയാണ് ചവിട്ടി മെതിക്കപ്പെട്ടത്.ഒന്നരമാസത്തെ അദ്ധ്വാനമാണിത്. എന്ത് കഷ്ടപ്പെട്ടാണ് പുരക്കരവും വസ്തുനികുതിയും ഒടുക്കുന്നത്. ഹരിത കർമ്മസേനയൊന്നും ഇനി എന്റെ വീട്ടിൽ വരരുത് ' എന്ന താക്കീതോടെയാണ് ചവിട്ടി മെതിച്ച ചീരത്തോട്ടത്തിന്റെ ദൃശ്യങ്ങളടക്കമുള്ള വീഡിയോ അവസാനിക്കുന്നത്.
Vallikunnam farmers are enraged by the Panchayat's inaction against widespread wild boar menace destroying crops and threatening lives. A viral video by farmer Sundaran, detailing his spinach farm's destruction, escalated protests. Despite severe agricultural and financial losses, local authorities have failed to implement effective control measures, prompting farmers to consider approaching district officials.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |