കണ്ണൂർ: ആറ് മാസമായപ്പോൾ യുഡിഎഫ് സർക്കാർ കേരളത്തിന് ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നതെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. സർവ്വ മേഖലയേയും തകർത്ത് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി. മാത്രമല്ല എല്ലാ മേഖലയും അഴിമതി നടത്താനുള്ള അവസരം തുറന്നുകൊടുക്കുകയും ചെയ്‌തെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'എല്ലാ മേഖലയും അഴിമതി നടത്താനുള്ള അവസരം തുറന്നുകൊടുത്തു. ഇതിന്റെ ഭാഗമായാണ് എക്‌സൈസ് വകുപ്പിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ തന്നെ ബാർ ലൈസൻസ് കൊടുക്കുന്നതുമായു ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അഴിമതി ആരോപണം ഉന്നയിക്കുന്നത്. എക്‌സൈസ് കമ്മീഷണറായ ഉദ്യോഗസ്ഥൻ തന്നെ വകുപ്പിൽ നടക്കുന്ന അഴിമതിയെ തുറന്ന് കാണിക്കുമ്പോൾ ആ വകുപ്പ് ഭരിക്കുന്നവർക്കും സർക്കാരിനും നിലനിൽക്കാൻ യോഗ്യതയില്ല.
ഇത് ഒരു വകുപ്പിൽ മാത്രമല്ല നടക്കുന്നത്. വൈദ്യുത വകുപ്പിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷനും ഇലക്ട്രിസിറ്റി ബോർഡും സ്വകാര്യമായി വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് അവിശ്വാസം പ്രകടിപ്പിക്കുകയും അത് വൈദ്യുത വകുപ്പ് മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസുകാരനായ വൈദ്യുത വകുപ്പ് മന്ത്രിക്ക് തന്നെ ഞങ്ങൾ അറിയാതെയാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് മുഖ്യമന്ത്രിക്കെതിരെ പരസ്യപ്രസ്താവന നടത്തി തുറന്ന നിലപാട് എടുക്കേണ്ടി വന്നു. സ്വന്തം വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് ഒരു വകുപ്പ് മന്ത്രിമാർക്കുപോലും അറിയാനാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വാർത്താ കുറിപ്പിലൂടെ സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയേണ്ട സ്ഥിതിയാണ് അവർക്കുള്ളത്.
ഈ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ധാർമികമായി അധികാരത്തിൽ തുടരാനുള്ള യോഗ്യതയില്ല. ഉദ്യോഗസ്ഥർ തന്നെ തങ്ങളുടെ വകുപ്പിൽ നടക്കുന്ന അഴിമതികൾ തുറന്ന് പറയുന്ന സാഹചര്യത്തിൽ സ്വമേധയാ ഒഴിഞ്ഞുപോവുകയാണ് മന്ത്രിസഭയ്ക്ക് നല്ലത്. സംസ്ഥാനത്തെ ജനങ്ങളെയാകെ ദുരിതത്തിലേക്ക് തള്ളിയിട്ട് മന്ത്രിമാർ ആഢംബര ജീവിതത്തിൽ മുഴുകുകയാണ്. നിലവിൽ സംസ്ഥാനത്ത് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലാത്ത ഗവൺമന്റായി യു.ഡി.എഫ് മാറിയിരിക്കുന്നു'- ഇപി ജയരാജൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |