തിരുവനന്തപുരം:സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേകനിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മകൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി വനിതാ,ശിശുവികസന വകുപ്പിൻറെ പുതുയുഗ വനിതാനയരൂപീകരണ കോൺക്ലേവ് 'ഹെർസമ്മിറ്റ്'26' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ സ്ത്രീകൾ അപമാനിക്കപ്പെടുന്നത് തടയാൻ കർശനഇടപെടലുണ്ടാകും. നിയമം കൊണ്ടുവരുന്നതിനുളള പരിശോധന നടക്കുകയാണ്. ട്രെയിനിലെ ടോയ്ലറ്റുകളിൽ എഴുതിക്കൊണ്ടിരുന്നവർ ഇന്ന് സോഷ്യൽമീഡിയയിൽ എഴുതുകയാണ്. സ്ത്രീകൾക്കെതിരെ സൈബർഅധിക്ഷേപം നടത്തുന്നവരെ ജയിലിൽ അടയ്ക്കും. മാതൃകാ വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾക്ക് പൂർണസംരക്ഷണം ഉറപ്പാക്കും. എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് വനിതാനയം തയ്യാറാക്കുന്നത്. സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കായുളള പദ്ധതികൾ ഈവർഷം ആരംഭിക്കും. സാമ്പത്തികബുദ്ധിമുട്ടുകൾ പറഞ്ഞ് പദ്ധതികൾ മാറ്റിവെക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാസംരംഭകർക്ക് സാമ്പത്തികസാങ്കേതിക പിന്തുണ നൽകുന്നതിനൊപ്പം ഹരിതസമ്പദ് വ്യവസ്ഥയിലും തൊഴിൽമേഖലകളിലും പ്രാതിനിധ്യം വനിതാനയത്തിൽ ഉറപ്പാക്കുമെന്ന് വനിതാശിശുവികസന മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. നയരൂപീകരണത്തിലും ബഡ്ജറ്റ് തീരുമാനങ്ങളിലും ഭരണനിർവഹണത്തിലും സ്ത്രീകളുടെ സ്വാധീനവും പങ്കാളിത്തവും ഉറപ്പുവരുത്തും. വീട്ടമ്മമാർ, തൊഴിലെടുക്കുന്നവർ, സംരംഭകർ, ജനപ്രതിനിധികൾ തുടങ്ങി എല്ലാ മേഖലയിലുള്ള സ്ത്രീകളുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് വനിതാനയത്തിന് രൂപം നൽകുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ മന്ത്രി കെ.എ. തുളസി പറഞ്ഞു.
വനിതാ,ശിശുവികസനവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ ഉമാതോമസ്, ഉഷാവിജയൻ, ഭരണപരിഷ്‌കാരകമ്മിഷൻ ചെയർപേഴ്സൺ ഡോ.എം.കെ.മുനീർ, വനിതാകമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി, മുൻ മന്ത്രി പി.കെ.ശ്രീമതി, തുടങ്ങിയവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |