
കണ്ണൂർ: മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. കണ്ണൂർ ജില്ല പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയ സംഘം അഞ്ചു ഫയലുകൾ കസ്റ്റഡിയിലെടുത്തു. കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത് നടപ്പാക്കിയ 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ടവയാണിവ. കരാർ സംബന്ധിച്ച രേഖകളും സംഘം പരിശോധിച്ചു.
ഉത്തരമേഖല വിജിലൻസ് എസ്.പി കെ. സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈ.എസ്.പി ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. മോഡുലാർ ടോയ്ലെറ്റ് നിർമ്മാണം, എ.ബി.സി കേന്ദ്രത്തിന്റെ നിർമ്മാണം തുടങ്ങിയ പദ്ധതികളുടെ ഫയലുകളാണ് കസ്റ്റഡിയിലെടുത്തത്.
കാർട്ടൺ ഇന്ത്യയ്ക്ക് കരാറുകൾ ലഭിച്ചത് പൊതുമേഖല സ്ഥാപനമായ സിൽക്ക് (സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്) മുഖേനയായതിനാൽ അന്വേഷണം അവിടേക്കും നീളും. ഫയലുകൾ വിശദമായി പഠിച്ചശേഷം വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ദിവ്യ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നും വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം. കാർട്ടൺ ഇന്ത്യ ദിവ്യയുടെ ബിനാമി കമ്പനിയാണെന്നും കരാറുകൾ നൽകിയതിൽ ക്രമക്കേടുണ്ടെന്നുമാണ് പരാതി. ദിവ്യ, ഭർത്താവ് വി.പി. അജിത്ത്, ജില്ല പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൾ ലത്തീഫ് എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം ഒക്ടോബർ 23ന് ആഭ്യന്തരവകുപ്പ് അനുമതി നൽകിയിരുന്നു. ഇതേ പരാതിയിൽ പ്രാഥമികാന്വേഷണത്തിന് മുൻ എൽ.ഡി.എഫ് സർക്കാർ ജനുവരിയിൽ അനുമതി നിഷേധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |