SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.41 AM IST

നവോത്ഥാന മൂല്യങ്ങളെ പിന്നോട്ട് നടത്താൻ അനുവദിക്കരുത്: സ്പീക്കർ

dd

തിരുവനന്തപുരം: നവോത്ഥാനനായകർ കാട്ടിത്തന്ന വെളിച്ചത്തിലൂടെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയ കേരളത്തെ പിന്നോട്ട് നടത്താനുള്ള ശ്രമത്തിന് ആരെയും അനുവദിക്കരുതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പേട്ട ഡോ.പി.പല്പു ഫൗണ്ടേഷൻ സംഘടിപ്പിച്ച ഡോ.പി.പല്പുവിന്റെ 163ാമത് ജന്മ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമൂഹികഘടനയിലെ അസമത്വങ്ങളെയും അനീതികളെയും സ്വന്തം ജീവിതം കൊണ്ട് നേരിട്ട മഹാത്മാവാണ് ഡോ.പല്പു. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുകയും സമൂഹത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന സന്യാസിശ്രേഷ്ഠനാണ് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സ്വാമിക്ക് തന്നെ ഡോ.പി.പല്പുവിന്റെ പേരിലുള്ള പുരസ്‌കാരം നൽകുന്നത് ഏറ്റവും ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ.സാംബശിവൻ അദ്ധ്യക്ഷനായി. സ്വാമി സച്ചിദാനന്ദക്ക് പുരസ്‌കാരം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിച്ചു. ശില്പവും പ്രശസ്തി പത്രവും 50,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.

ഡോ.പൽപ്പു എഴുതി 1896ൽ പ്രസിദ്ധീകരിച്ച 'തിരുവിതാംകോട്ടെ ഈഴവർ' എന്ന പുസ്തകം പരിഷ്‌ക്കരിച്ച് പ്രസിദ്ധീകരിച്ചതിന്റെ പ്രകാശനം ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് നൽകി സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. വർക്കിംഗ് പ്രസിഡന്റ് നെടുംകുന്നം ഗോപാലകൃഷ്ണൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ്, ഡോ.ചന്ദ്രമോഹൻ, പേട്ട വാർഡ് കൗൺസിലർ അഡ്വ.എസ്.പി.ദീപക്,മുൻ കൗൺസിലർ ഡി.അനിൽകുമാർ,തോപ്പിൽ ദിലീപ്,ജനറൽ സെക്രട്ടറി കരിക്കകം സുരേന്ദ്രൻ,ട്രഷറർ കരിക്കകം ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു.


ഡോ.പല്പുവിന്റെ പ്രതിമ

സ്ഥാപിക്കണം

ആധുനിക കേരളശില്പികളിൽ ശ്രീനാരായണഗുരു കഴിഞ്ഞാൽ ഏറ്റവുമധികം സംഭാവന നൽകിയ ഡോ.പല്പുവിന്റെ പ്രതിമ തലസ്ഥാനനഗരിയിൽ സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANCHOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA