
കൊല്ലം: വി.എം. സുധീരന്റെ വാക്കുകൾക്ക് അർഹിക്കുന്ന വില കല്പിച്ച് മുന്നോട്ടുപോകാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സി.വി. പത്മരാജന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പത്മരാജൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം സുധീരന് നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനമനസിൽ വലിയ സ്ഥാനമുള്ള നേതാവാണ് സുധീരൻ. സ്വന്തം നിലപാടുകൾ ആരുടെയും മുഖത്ത് നോക്കി പറയും. പലപ്പോഴും അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതൊന്നും അദ്ദേഹത്തിന് പ്രശ്നമല്ല. തന്റെ നിലപാടിൽ ഉറച്ചു നിൽക്കും.
വൻ ജനപിന്തുണയോടെ അധികാരത്തിൽ വന്ന പിണറായി സർക്കാർ പിന്നോട്ടുപോയത് എങ്ങനെയെന്നത് ഭരണാധികാരികൾക്ക് പാഠമാണെന്ന് സുധീരൻ പറഞ്ഞു. അത്തരം പാളിച്ചകൾ ഉണ്ടാകാതെ വി.ഡി. സതീശൻ നല്ല രീതിയിൽ ഭരണം കൊണ്ടുപോകുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്.
ഫൗണ്ടേഷൻ ചെയർമാൻ പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ബേബിസൺ സ്വാഗതം പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് എസ്. സുധീശൻ പ്രശംസാപത്രം അവതരിപ്പിച്ചു. മന്ത്രിമാരായ ഷിബു ബേബിജോൺ, പി.സി. വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ എ.കെ. ഹഫീസ്, വിഷ്ണു മോഹൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. ഫൗണ്ടേഷൻ ട്രഷറർ സജി പത്മരാജൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |