തിരുവനന്തപുരം: പാറയും മണലുമുൾപ്പെടെയുള്ള ധാതുക്കൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോകുന്നത് തമിഴ്
നാട് സർക്കാർ വിലക്കിയതിനെ തുടർന്ന് കേരളത്തിന്റെ നിർമ്മാണ മേഖല നേരിടാവുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം ചേരും. ഉച്ചയ്ക്ക് 12 ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് യോഗം.
തമിഴ്നാട് സർക്കാരിന്റെ നിരോധനം മൂലം കേരളത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള നിർമ്മാണം സ്തംഭിക്കും. ഈ അവസ്ഥ എങ്ങനെ മറി കടക്കാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ, മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം മേധാവികൾ തുടങ്ങിയവരുടെ യോഗം ചർച്ച ചെയ്യും. സംസ്ഥാനത്തിന് പുറത്തേക്ക് പാറയും മണലും (എം.സാൻഡ്, ജെല്ലി) കടത്തിക്കൊണ്ടു പോകുന്നത് നിരോധിച്ച് തമിഴ്നാട് ജിയോളജി ആൻഡ് മൈനിംഗ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞയാഴ്ച ഉത്തരവ് ഇറക്കിയിരുന്നു. ക്വാറികൾക്കും ക്രഷറുകൾക്കും തമിഴ്നാട് ജിയോളജി വകുപ്പ് നൽകുന്ന ട്രാൻസിറ്റ് പാസും നിറുത്തിവച്ചു. തമിഴ്നാട്ടിലെ ഉത്പാദനത്തിന്റെ പകുതിയും കേരളത്തിലാണെത്തുന്നത്. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, കോയമ്പത്തൂർ ജില്ലകളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പാറയും മണലുമെത്തുന്നത്. പ്രതിവർഷം മൂന്ന് കോടി ടൺ എം. സാൻഡ് കേരളത്തിലെ നിർമ്മാണ മേഖലയ്ക്ക് ആവശ്യമുണ്ടെന്നാണ് ഏകദേശ കണക്ക്. സംസ്ഥാനത്തിന് വേണ്ടി വരുന്ന പാറയുടെയും എം. സാൻഡിന്റെയും 40 ശതമാനത്തോളം തമിഴ് നാട്ടിൽ നിന്നും 20 ശതമാനം കർണാടകയിൽ നിന്നുമാണെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |