
ആലപ്പുഴ: കരുവാറ്റ കൊലപാതകക്കേസിലെ മുഖ്യ ആസൂത്രകയായ 13കാരിയുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള പൊലീസ് അപേക്ഷ, ജുവനൈൽ ജസ്റ്റിസ് ബോർഡ് വാദം കേൾക്കാനായി അടുത്തയാഴ്ചയിലേക്ക് മാറ്റി. അനാരോഗ്യത്താൽ ആശുപത്രിയിലായിരുന്ന പെൺകുട്ടിയെ ഇന്നലെ ബോർഡ് മുമ്പാകെ ഹാജരാക്കാൻ കോഴിക്കോട്ടെ ഒബ്സർവേഷൻ സെന്റർ അസൗകര്യം അറിയിച്ചതിന്റെ അടസ്ഥാനത്തിലാണിത്.
കേസിലെ ഒന്നു മുതൽ മൂന്നുവരെ പ്രതികളായ ആൺകുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതികളുടെ അഭിഭാഷകർ ബോർഡിന്റെ അനുമതി തേടിയെങ്കിലും അപേക്ഷ തള്ളി. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ കസ്റ്റഡി ഉത്തരവ് കഴിഞ്ഞയാഴ്ച ഹൈക്കോടതി ശരിവച്ചിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം നടപടികളാരംഭിച്ചതിന് പിന്നാലെയാണ് പ്രതിഭാഗം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയത്.
കൊലപാതകത്തിന്റെ ആസൂത്രണം, കൊലനടത്തിയ രീതി എന്നിവയിൽ വ്യക്തത വരുത്താനും കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കൈയുറയും കവർച്ച ചെയ്ത ആഭരണങ്ങളും പൊലീസിന് വീണ്ടെടുക്കാനുമായാണ് പെൺകുട്ടിയെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗസ്റ്റ് 15ന് രാത്രിയാണ് കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ കരുവാറ്റയിലെ വാടകവീട്ടിൽ കൊലപ്പെടുത്തിയത്. കൊച്ചുമകളായ 13കാരിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |