SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.57 AM IST

ജഡ്ജിപുത്രന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ 5ന് വിധി

പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ

അഭിഭാഷകനും തമ്മിൽ തർക്കം

കൊച്ചി: ചേരാനല്ലൂരിൽ തട്ടുകട ഉടമ കാറിടിച്ച് മരിച്ച കേസിൽ ജഡ്ജിപുത്രനായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജിയിൽ എറണാകുളം അഡി. സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. അതേസമയം, കേസിലെ രണ്ടാം പ്രതിയായ ജില്ലാ ജഡ്ജിക്കെതിരെ ബി.എൻ.എസ് 238 പ്രകാരം തെളിവുനശിപ്പിക്കൽ കുറ്റംകൂടി ചുമത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുടെ പരാതിപ്രകാരമാണിത്.

വാദത്തിനിടെ പ്രോസിക്യൂട്ടറും ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അഭിഭാഷകനും തമ്മിൽ കോടതിയിൽ തർക്കമുണ്ടായി. അന്വേഷണത്തിന് കുടുംബം തടസം നിൽക്കുന്നതായി പ്രോസിക്യൂഷനും, അന്വേഷണ വിവരങ്ങൾ മറച്ചുവയ്‌ക്കുന്നതായി കുടുംബവും ആരോപിച്ചു. തുടർന്ന് വാദം അടച്ചിട്ട കോടതിമുറിയിലാക്കി. അന്വേഷണ സംഘത്തെ സമ്മർദ്ദത്തിലാക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കോടതി നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ഇന്നലെ നേരിട്ട് ഹാജരായിരുന്നു. ഇതിനിടെയാണ് പരാതിക്കാരും പ്രോസിക്യൂഷനുമായി തർക്കമുണ്ടായത്. അന്വേഷണം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അഭിഭാഷകൻ പൊതുസമൂഹത്തിനു നൽകുന്നതെന്ന് സർക്കാർ അഭിഭാഷക ആരോപിച്ചു. എന്നാൽ മരിച്ചയാളുടെ കുടുംബത്തിന് അടിസ്ഥാന രേഖകൾ പോലും നൽകാതെ പ്രോസിക്യൂഷൻ നിസ്സഹകരിക്കുകയാണെന്ന് മറുഭാഗവും ആരോപിച്ചു. പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകുകയാണ് വേണ്ടതെന്ന് നിർദ്ദേശിച്ച കോടതി, തുടർവാദം രഹസ്യമാക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA